കേരള കോണ്‍ഗ്രസ് എം മുന്നണി വിടില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ചെയര്‍മാന്‍ ജോസ് കെ.മാണി. പാര്‍ട്ടിക്കകത്ത് പല അഭിപ്രായങ്ങളുണ്ടെന്നു സമ്മതിച്ച ജോസ് കെ. മാണി അഞ്ച് എം.എല്‍.എമാരും ഒന്നിച്ച് നില്‍ക്കുമെന്നും കോട്ടയത്ത് നിലപാട് വ്യക്തമാക്കി. ഇടതുമുന്നണിയുടെ ജാഥകളിലൊന്നിന്‍റെ ക്യാപ്റ്റന്‍ താന്‍ തന്നെയായിരിക്കുമെന്നും ജോസ് കെ.മാണി സ്ഥിരീകരിച്ചു. റോഷി അഗസ്റ്റിനുമായി ഒരു ഭിന്നതയുമില്ല. റോഷി സംസാരിച്ചത് ഞാന്‍ പറഞ്ഞിട്ടാണ്. രാഷ്ട്രീയകാര്യങ്ങളില്‍ സഭ ഇടപെടാറില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. . മുന്നണിമാറ്റമെന്ന അഭ്യൂഹങ്ങള്‍ തള്ളുമ്പോഴും കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടാകുമെന്ന പരാമര്‍ശവുമായി സസ്പെന്‍സും ജോസ് കെ.മാണി നിലനിര്‍ത്തുകയാണ്.
ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാവിലെയാണ് ജോസ് ദുബായില്‍ നിന്നും കേരളത്തിലെത്തി. ഉയരുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും താല്‍ക്കാലിക വിരാമമിട്ടാണ് ജോസ് കെ.മാണി മുന്നണി മാറ്റമെന്ന് ചര്‍ച്ചകള്‍ തള്ളിയത്. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ.മാണി വ്യാക്തമാക്കി. കേരള കോണ്‍ഗ്രസിന് ശക്തിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് പറഞ്ഞ്. സ്വയം ശക്തി പ്രഖ്യാപിച്ചു ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടാകും എന്ന് ജോസിന്‍റെ വാക്കുകള്‍ എല്ലാ സാധ്യതകളും തുറന്നിടുന്നതാണ്.
ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട എന്ന് പറഞ്ഞെങ്കിലും യുഡിഎഫിനെ കടന്നാക്രമിക്കാന്‍ ജോസ് കെ.മാണി തയ്യാറായിട്ടില്ല. മുന്നണി മാറ്റത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം എന്ന് പറഞ്ഞ് ജോസ് സ്ഥിരീകരിച്ചു. കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് പ്രചാരണം ശക്തമായതോടെ അവിടെ ഉറപ്പിച്ച് നിര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ച വി.എന്‍.വാസവന്‍ രാവിലെ ഫോണില്‍ ജോസ് കെ.മാണിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് പരസ്യമായി ജോസ് തീരുമാനിച്ചതും. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം വരെ സസ്പെന്‍സ് തുടരും.