ഹരിയാന ഐപിഎസ് ഓഫീസർ വൈ പുരൺ കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂടി ഇന്ന് ജീവനൊടുക്കി. റോഹ്തക്കിലെ സൈബർ സെല്ലിൽ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറായിരുന്ന സന്ദീപ് കുമാറാണ് ആത്മഹത്യ ചെയ്തത്. വൈ പുരൺ കുമാറിനെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സന്ദീപ്. ‘സത്യത്തിന്’ വേണ്ടി ജീവൻ ബലിയർപ്പിക്കുകയാണ്’ എന്നാണ് സന്ദീപ് കുമാര്‍ തന്‍റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചത്.
റോഹ്തക്കിലെ വയലിൽ തന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചാണ് സന്ദീപ് കുമാർ മരിച്ചത്. വിഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പും മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തി. വൈ പുരൻ കുമാർ അഴിമതിക്കാരനായ പോലീസുകാരനാണെന്നും തന്‍റെ അഴിമതി പുറത്തുവരുമെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നും സന്ദീപ് കുമാർ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചു. ജാതി വിവേചന പ്രശ്നം ഉപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ സംവിധാനത്തെ ഹൈജാക്ക് ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.
വൈ പുരൺ കുമാറിനെ സ്ഥലം മാറ്റിയത് അഴിമതിയാരോപണങ്ങൾ പുറത്തു വന്നതിനെ തുടർന്നാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. വൈ പുരൺ കുമാറിന്‍റെ ഗൺമാൻ മദ്യ കരാറുകാരനിൽ നിന്ന് 2.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കരാറുകാരൻ വൈ പുരൺ കുമാറിനെ കണ്ടിരുന്നു. കൈക്കൂലി ആരോപണങ്ങൾ പുറത്തുവന്നപ്പോൾ, ഐപിഎസ് ഉദ്യോഗസ്ഥൻ ജാതി നിറം നൽകാൻ ശ്രമിച്ച് ആത്മഹത്യ ചെയ്തു.
വൈഎസ് പുരൺ കുമാറിനെ റോഹ്തക് റേഞ്ചിൽ നിയമിച്ചതിന് ശേഷം സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കാൻ തുടങ്ങിയെന്നും മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിൽ സന്ദീപ് കുമാർ പറഞ്ഞു. ‘ഇവർ ഫയലുകൾ തടയുകയും ഹർജിക്കാരെ വിളിക്കുകയും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്ഥലംമാറ്റത്തിന് പകരമായി വനിതാ പോലീസുകാരെ ലൈംഗികമായി ചൂഷണം ചെയ്തു’ എന്നും സന്ദീപിന്‍റെ വിഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നു.
അദ്ദേഹത്തിന്‍റെ അഴിമതിയുടെ വേരുകൾ വളരെ ആഴത്തിലാണെന്നും തനിക്കെതിരായ പരാതി ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നും സന്ദീപ് കുമാർ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ‘അവരുടെ സ്വത്തുക്കൾ അന്വേഷിക്കണം. ഇതൊരു ജാതി പ്രശ്നമല്ല. സത്യം പുറത്തുവരണം. ഈ സത്യത്തിനായി ഞാൻ എന്‍റെ ജീവിതം ബലിയർപ്പിക്കുന്നു. സത്യസന്ധതയ്‌ക്കൊപ്പം നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. വൈ പുരൺ കുമാറിന്‍റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള 10 ഉദ്യോഗസ്ഥരിൽ ഒരാളായ റോഹ്തക് പോലീസ് മേധാവി നരേന്ദ്ര ബിജാർനിയയെയും സന്ദീപ് കുമാർ പ്രശംസിച്ചു. പുരണ്‍കുമാര്‍ ജീവനൊടുക്കിയതിന്‍റെ പിന്നാലെ ബിജാർനിയയെ സ്ഥലം മാറ്റിയിരുന്നു.