തിരുവനന്തപുരത്തെ പൊലീസ്–എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പൊലീസുകാരനെതിരെയെടുത്ത കേസ് പിന്‍വലിക്കും. സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ എസ്.എഫ്.ഐക്കാരെ അടിച്ചത് സ്വയം പ്രതിരോധത്തിനെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊലീസുകാരനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് ഒഴിവാക്കുന്നത്.

ഷോപ്പിങ് മാളില്‍വെച്ചാണ് സിവില്‍ പൊലീസ് ഓഫീസറായ മിഥുനെ എസ്.എഫ്.ഐ നേതാക്കള്‍ പിന്നാലെയെത്തി ആക്രമിച്ചത്. മിഥുന്‍ പറ്റുന്ന പോലെ തിരിച്ചടിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് കാരണം, ശംഖുമുഖത്തെ പുതുവര്‍ഷ ആഘോഷത്തിനിടെ പൊലീസ്–എസ്.എഫ്.ഐ തര്‍ക്കത്തിനിടെ മിഥുന്‍ എസ്.എഫ്.ഐ നേതാവിന്‍റെ തലക്കടിച്ചതായിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് കേസെടുത്തപ്പോള്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നിസാരകുറ്റങ്ങളും പൊലീസുകാരനെതിരെ ജാമ്യമില്ലാക്കുറ്റവും ചുമത്തി. രാഷ്ട്രീയ നിര്‍ദേശം കൊണ്ടാണ് അടികൊണ്ട പൊലീസുകാരനെതിരെ ഗുരുതര കുറ്റം ചുമത്തിയതെന്ന ആക്ഷേപവും വിമര്‍ശനവും പൊലീസിനുള്ളില്‍ ശക്തമായി. ഇതോടെ പുനപരിശോധിക്കാന്‍ കമ്മീഷണര്‍ കെ.കാര്‍ത്തിക് നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഒഴിവാക്കുന്നത്. മിഥുന്‍ ആക്രമിച്ചത് സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായിട്ടാണെന്നും അതിനാല്‍ കുറ്റം നിലനില്‍ക്കില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പും നിലനില്‍ക്കില്ലെന്ന് വഞ്ചിയൂര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ടുണ്ട്. കോടതി അംഗീകരിച്ചാല്‍ മിഥുനെതിരെ കേസ് ഒഴിവാകും. എസ്.എഫ്.ഐക്കെതിരായ കേസ് തുടരും.

ENGLISH SUMMARY:

The case against the police officer in the Thiruvananthapuram police-SFI clash will be withdrawn. Civil Police Officer Mithun's actions were deemed self-defense, and the police will submit a report to the court accordingly.