നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ചില്‍ സംഘർഷം. ഏജീസ് ഓഫിസിലേക്ക് നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. പ്രവർത്തകർ ഓഫിസിന്റെ ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും പൂട്ട് പൊളിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസുമായി സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

 

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഡല്‍ഹിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കും എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ.

 

അതേസമയം, നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയത് സംസ്ഥാനത്തു നിന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ആശങ്കയിലാക്കി. വര്‍ഷങ്ങളായുള്ള പരിശീലനം വെറുതെ ആയി എന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യത തകരുമെന്ന് അധ്യാപകരും പറയുന്നു.

 

 ചോദ്യ പേപ്പര്‍  ചോര്‍ച്ചയെ തുടര്‍ന്ന് എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷയായ നീറ്റ് റദ്ദാക്കിയതോടെ കേരളത്തില്‍ നിന്ന് പരീക്ഷ എഴുതി ഒന്നേകാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നടങ്കം നിരാശയിലായി . വര്‍ഷങ്ങള്‍ നീണ്ട പരിശീലനം വെറുതേയായല്ലോ എന്നാണ് പൊതു വികാരം. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണോ എന്ന ചോദ്യവും ഉയര്‍ന്നു. പരീക്ഷ കഴിഞ്ഞതോടെ പരിശീലന കേന്ദ്രങ്ങളും ഹോസ്റ്റലും  വിട്ട വിദ്യാര്‍ഥികള്‍ വീണ്ടും  പരിശീലനത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.

ENGLISH SUMMARY:

Violence erupted during an SFI protest march in Thiruvananthapuram against the alleged NEET question paper leak, prompting police to use water cannons to disperse protesters. Activists attempted to break into the AG’s Office, leading to clashes with the police. Meanwhile, the cancellation of the NEET UG examination has caused major anxiety among students across Kerala, with nearly 1.25 lakh candidates affected. Students and teachers say years of preparation have gone in vain, while concerns continue to grow over the credibility of national entrance examinations in India. SFI has announced nationwide protests demanding accountability and justice.