ഫയല്‍ ചിത്രം
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതായത് അടുത്ത മൂന്ന് മണിക്കൂർ മാത്രം ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും ഉണ്ടാവുക.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയുണ്ടാകാം. ഈ ജില്ലകളില്‍ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ വേനല്‍മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 50.കി.മീ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനം ആന്‍ഡമാനില്‍ മഴയെത്തിയേക്കും. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയുമുണ്ട്.