1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയ മുങ്ങിയ ദമ്പതികള്‍  30 വർഷങ്ങൾക്ക് ശേഷം പിടിയില്‍. മാന്നാർ സ്വദേശി ശശിധരൻ (71) ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പൊലീസ് മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. 

1995ൽ  മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ ദമ്പതികളെ അന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇവർ മാന്നാറിൽ നിന്ന് മുങ്ങിയത്. അതിന് ശേഷം ഇവർ കോടതിയിൽ ഹാജരായില്ല. ഇതിനിടെ1997 ൽ കെ.എസ്.എഫ്.ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തു. ശേഷം ബാങ്ക് അറിയാതെ ആ വസ്തു കൈമാറ്റം ചെയ്ത് കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പൊലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലും പ്രതിയെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ രണ്ട് കേസുകളിലും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികൾക്കെതിരെ കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ച് പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രന്റെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡി വൈ.എസ്.പി എം.കെ ബിനുകുമാറാണ് ദമ്പതികളെ മുംബൈയില്‍ പോയി കൈയ്യോടെ പൊക്കിയത്. 

ENGLISH SUMMARY:

Kerala crime news: A couple who absconded after being arrested and released on bail in a 1995 job fraud case has been arrested after 30 years. The couple was arrested in Mumbai by Mannar police.