കരുനാഗപ്പള്ളിയില്‍ അലുവ അതുലിന്‍റെ അരുംകൊലയിലേക്ക് നയിച്ചത് ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഗുണ്ടാകുടിപ്പക. ജിം സന്തോഷിന്‍റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്ന് കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ഇന്ന് പട്ടാപ്പകല്‍ നടന്നത്.

കൊല്ലത്തെ രണ്ട് പ്രധാന ഗൂണ്ടാസംഘങ്ങളാണ് ജിം സന്തോഷിന്‍റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി ടീമും, ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങന്‍കുളങ്ങര വിനോദിന്‍റെ സംഘവും. ഇവര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയുടെ ബാക്കിചിത്രമാണ് കേരളത്തെ ഞെട്ടിക്കുന്ന ഈ കാഴ്ച.

‌ഇന്നത്തെ കൊലയില്‍ പങ്കാളിയെന്ന് സംശയിക്കുന്ന അനീറിലൂടെയാണ് ഈ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ചരിത്രം തുടങ്ങുന്നത്. അനീര്‍ ജിം സന്തോഷിന്‍റെ അടുത്തയാളായിരുന്നു. ഓച്ചിറ ടീമിന്‍റെ തലവനെ അനീര്‍ വീട്ടില്‍ കയറി 2013ല്‍ അടിച്ചതോടെ ഇവരുടെ പക തുടങ്ങി. അടിയും തിരിച്ചടിയുമായി പിന്നീട് പലതവണ ഏറ്റുമുട്ടി. ഒടുവില്‍ 2023ല്‍ ഒത്തുതീര്‍പ്പിനായി ജിം സന്തോഷ് എതിര്‍സംഘത്തെ വിളിച്ചുവരുത്തി. പക്ഷെ അത് ചതിയായിരുന്നു. ഒത്തുതീര്പ്പ് ചര്‍ച്ചക്കിടെ സന്തോഷ് എതിരാളികളെ വെട്ടി. അതോടെ വെട്ടും കുത്തും മാറി കൊന്ന് തീര്‍ക്കുന്ന വൈരാഗ്യത്തിലേക്ക് പക വളര്‍ന്നു. 

വെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞിരുന്ന ജിം സന്തോഷായിരുന്നു ആദ്യ ഇര. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നു. കൊല ചെയ്ത് മടങ്ങുന്ന വഴി ഇന്ന് അതുലിനെ ആക്രമിക്കാനുണ്ടായിരുന്ന അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. 

അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്‍റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം. അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്. 

 

ENGLISH SUMMARY:

Aluva Athul's brutal murder in Karunagappally was the culmination of a gang rivalry spanning over fifteen years. This murder is the second in the ongoing feud between the Karunagappally and Ochira gangs.