ഇതാണ് ആലപ്പുഴക്കാരന്‍ അജ്മൽ. വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. നുണ പറഞ്ഞ് യുവതികളെ കുപ്പിയിലാക്കാൻ പ്രത്യേക കഴിവുണ്ട് ഇയാൾക്ക്. ഐഎഎസുകാരൻ, ആര്‍മി ഓഫീസർ, നേവി ഓഫീസർ എന്നിങ്ങനെ പല വേഷത്തിലും പേരുകളിലും എത്തി അജ്മൽ യുവതികളെ പറ്റിച്ച് മുങ്ങും. സാക്ഷാല്‍ മമ്മൂട്ടി വരെ തോറ്റുപോകുന്ന വേഷപ്പകര്‍ച്ചയാണ് അജ്മലിന്റെ പ്രത്യേകത.
ഒരു യുവതിയെ പറ്റിച്ച് 30 ലക്ഷം തട്ടിയ അജ്മൽ പൊലീസിന്റെ പിടിയിലായി. ആ കേസിൽ ജാമ്യത്തിലിറങ്ങി, കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വേറൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആ കേസില്‍ പിടിയിലായപ്പോഴാണ് അറിയുന്നത്, അടുത്ത ആഴ്ച്ച മറ്റൊരു പെണ്‍കുട്ടിയുമായി ഇവന്‍റെ കല്യാണമാണെന്ന്.
ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ അജ്മല്‍ വലയില്‍ കുരുക്കിയത് ഐ.എ.എസ് ട്രെയിനിയെന്ന് പറഞ്ഞാണ്. അങ്ങനെ അവര്‍ തമ്മില്‍ കടുത്ത പ്രണയമായി. ഒരത്യാവശ്യത്തിന് 30 ലക്ഷം വേണമെന്ന് പറഞ്ഞപ്പോള്‍ പെൺകുട്ടി പണം കൊടുത്തു. അതിന് ശേഷം മുങ്ങിയ അജ്മലിനെ പൊലീസ് നല്ല പണിപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ആ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് നാവിക ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ആലപ്പുഴക്കാരിയായ മറ്റൊരു യുവതിയെ അജ്മൽ പീഡിപ്പിച്ചത്. ആംഡ് പൊലീസാണ് എന്ന വ്യാജേന മൂന്നാമത് മറ്റൊരു യുവതിയുമായി അജ്മലിന്‍റെ വിവാഹം അടുത്താഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റിലാവുന്നത്.
ആലപ്പുഴ മണ്ണഞ്ചേരിയിലെ ലോഡ്ജിൽ നിന്നാണ് ഈ വിരുതനെ പിടികൂടിയത്. ഒൻപത് മാസമായി പരാതിക്കാരിയായ ആലപ്പുഴക്കാരിയുമായി അടുപ്പത്തിലായിരുന്നു ഇയാള്‍. ഇവര്‍ തമ്മില്‍ കണ്ട് മുട്ടിയത് നീന്തൽ പരിശീലനത്തിനിടെയാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം അജ്മൽ മുങ്ങുകയായിരുന്നു.
കല്ല്യാണ വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് വിളിച്ചുവരുത്തിയാണ് യുവാവ് ആലപ്പുഴക്കാരിയെ പീഡിപ്പിച്ചത്. പിന്നീട് വിവരമില്ലാതെയായതോടെയാണ് ആലപ്പുഴക്കാരി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അങ്ങനെ ആലപ്പുഴക്കാരിയെ വൃത്തിയായി പറ്റിച്ച് മുങ്ങുന്നതിനിടെയാണ്, നേരത്തേ പറഞ്ഞ് കുപ്പിയിലാക്കിയ മറ്റൊരു യുവതിയുമായി അടുത്താഴ്ച വിവാഹം ഉറപ്പിച്ചത്. ഇനി ആദ്യം പറഞ്ഞ കേസിലേക്ക് വരാം. ഐ.എ.എസ് ട്രെയിനിയാണെന്ന് പറഞ്ഞ് 30 ലക്ഷം അടിച്ചെടുത്ത കേസ്.. അത് 2023ലായിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടയില്‍ വെച്ചാണ് അന്ന് ആ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്.
മുളന്തുരുത്തി സ്വദേശിയായ യുവതിയെ മസൂറിയിൽ ഐ.എ.എസ് പരിശീലനത്തിലാണെന്ന് പറഞ്ഞാണ് പറ്റിച്ചത്. 30 ലക്ഷം പോയി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതും കള്ളന്‍ പുറത്തായതും. യുവതിയുടെ പരാതിയിൽ ഹൈദരാബാദിൽ നിന്നാണ് ഇയാളെ അന്ന് പിടികൂടിയത്.
ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിലാണ് ജീവിക്കുന്നത്. ഉന്നത പദവിയിലുള്ളവർ ധരിക്കുന്ന യൂണിഫോമുകൾ ധരിച്ച അജ്മലിന്‍റെ ചിത്രങ്ങള്‍ മൊബൈൽ ഫോണിൽ നിന്ന് പൊലീസിന് കിട്ടി. നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും കിട്ടി. പലയിടങ്ങള്‍, പല പേരുകള്‍, പല ജോലി, പല ഗെറ്റപ്പുകള്‍, പല പെണ്‍കുട്ടികള്‍, പല പ്രേമങ്ങള്‍.. അങ്ങനെയങ്ങനെ ഒരു ലക്ഷൂറിയസ് ലൈഫാണ് അജ്മൽ നയിച്ചിരുന്നത്.