തൃശൂരില്‍ വനിത എഎസ്ഐ വഴിയൊരുക്കിയ ആംബുലന്‍സില്‍ രോഗി ഇല്ലായിരുന്നെന്ന കണ്ടെത്തലിനു പിന്നില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ര്‍ പി.വി. ബിജുവിന്റേയും സംഘത്തിന്റേയും നീക്കങ്ങള്‍. തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പോലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയതായിരുന്നു കയ്യടിക്ക് കാരണം.
Also Read: വനിത എഎസ്ഐ വഴിയൊരുക്കിയ ആംബുലൻസിൽ രോഗി ഇല്ല; അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്
പക്ഷേ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഈ വിവരം വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്കു കിട്ടുന്നത്. അന്വേഷണം നടത്താൻ ഒരു കാരണമുണ്ട് . ആംബുലൻസിന്‍റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവര്‍ വിഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ വലതുഭാഗത്തുള്ള കണ്ണാടിയില്‍ ആണ് എഎസ്ഐ ഓടി വരുന്നത് കണ്ടത്. അങ്ങനെ ഷൂട്ട് ചെയ്യണമെങ്കില്‍ അത് ഡ്രൈവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി.ബിജു മനോരമ ന്യൂസിനോടു പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി തൊടുപുഴയിലുള്ള വാഹന ഉടമയുമായി ബന്ധപ്പെട്ടു. ഡ്രൈവറുടേയും വാഹനത്തിലുണ്ടായിരുന്ന നഴ്സിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. രോഗിയേയും കൊണ്ട് അശ്വിനി ജംക്ഷനില്‍ വരാനുള്ള സമയവും മാളയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് എത്താനുള്ള സമയവും തമ്മില്‍ പൊരുത്തക്കേടുകള്‍ തോന്നി. അങ്ങനെ ഡ്രൈവറെ നേരിട്ട് വിളിച്ച് സംസാരിച്ചു. മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുവരുന്ന വഴിക്ക് അവിടെ ഐസിയു ബെഡ് ലഭ്യമല്ലെന്നറിഞ്ഞു. അങ്ങനെ ജൂബിലി മിഷനിലേക്ക് വാഹനം തിരിച്ചെന്നുമായിരുന്നു ഡ്രൈവറുടെ ന്യായീകരണം. ഇതും വിശ്വസനീയമായി തോന്നിയില്ല. ഇതോടെ ഡ്രൈവറോടു നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വന്നില്ല. നിര്‍ബന്ധമായും വരണമെന്ന് ആവശ്യപ്പെതോടെയാണ് ഡ്രൈവറും നഴ്സും ഹാജരായത്. വസ്തുതകള്‍ മറച്ചു വയ്ക്കുന്ന രീതിയിലായിരുന്നു ഡ്രൈവറും നഴ്സും സംസാരിച്ചത്. എന്നാല്‍ രണ്ടു പേരേയും ഒറ്റക്കിരുത്തി ചോദ്യം ചെയ്തപ്പോള്‍ സത്യം പറയേണ്ടി വന്നെന്ന് പി.വി ബിജു പറഞ്ഞു. രോഗി ഇല്ലെങ്കില്‍ സൈറണ്‍ ഇടാന്‍ പാടില്ല. മറ്റേതൊരു വാഹനത്തേപ്പോലെയും നിയമങ്ങള്‍ പാലിച്ച് സഞ്ചരിക്കണം. ഡ്രൈവിങ്ങിനിടെ ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തത് തെറ്റാണ്. ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും. ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. വനിത എഎസ്ഐ ഓടി വരുന്നത് ഡ്രൈവര്‍ കണ്ടിരുന്നു. വാഹനത്തില്‍ രോഗി ഇല്ലെന്ന് പറയാമായിരുന്നു. അതും തെറ്റാണ്. ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന ആ ഓഫിസറെക്കൂടി ചതിക്കുന്ന പ്രവര്‍ത്തിയാണ് ഇവിടെ ഉണ്ടായത്. അതിനും നടപടിയെടുക്കും– മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോരമ ന്യൂസിനോടു വ്യക്തമാക്കി
സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ പറയുന്നത് ഇങ്ങനെ:
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോള്‍ ആംബുലൻസ് ട്രാഫിക് കുരുക്കിൽപ്പെടുകയായിരുന്നു . അപ്പോള്‍ എടുത്ത വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഒരു രോഗിയെ എടുക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വന്ന റീല്‍സുകളില്‍ ആംബുലന്‍സിന്‍റെ സൈറണ്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. താന്‍ സൈറണ്‍ ഇട്ടിട്ടില്ല. അന്ന് തനിക്ക് ഇക്കാര്യങ്ങള്‍ പറയാന്‍ സാധിച്ചില്ലെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു വിശദീകരിച്ചു.