ഓരോ കുറ്റകൃത്യത്തിലും പ്രതിയിലേക്ക് പൊലീസിനെ എത്തിക്കുന്നത് ചെറിയ ചെറിയ വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ചുള്ള അന്വേഷണമാണ്. ഒരു കണ്ണി വിട്ടുപോയാല്‍ കുറ്റവാളിയിലേക്ക് എത്താനുള്ള ദൂരം നീണ്ടുപോകും. കുറ്റകൃത്യം കണ്ടെത്തി പിന്നീട് വയ്ക്കുന്ന ഓരോ ചുവടും അന്വേഷണത്തില്‍ നിര്‍ണായകമാണ്.  ഒരടിപോലും മുന്നോട്ടുപോകാനാകാതെ അന്വേഷണം വഴിമുട്ടിയ അനുഭവങ്ങളും നിരവധി. അങ്ങനെ പൊലീസിനെ കുഴക്കിയ കേസുകളില്‍ ഒന്നായിരുന്നു ഊന്നുകല്‍ ശാന്ത കൊലക്കേസ്. ശാന്ത കൊല്ലപ്പെട്ട് പത്താം ദിനം പ്രതി അടിമാലി സ്വദേശി രാജേഷിനെ കൊച്ചി റൂറല്‍ പൊലീസ് കൊച്ചിയില്‍ നിന്ന് പിടികൂടി. ഊഹാപോഹങ്ങള്‍ക്കിടയില്‍ കുരുങ്ങിയ പൊലീസിന് വഴികാട്ടിയത് പോസ്റ്റുമോര്‍ട്ടമാണ്. കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നാണ് പ്രതിയിലേക്കുള്ള വഴിവെട്ടിയത്. 

​മരിച്ചത് ആര്, എപ്പോള്‍, എങ്ങനെ ?

ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഊന്നുകല്‍ പൊലീസിന് ആദ്യഘട്ടത്തില്‍ ഉത്തരമുണ്ടായിരുന്നില്ല. കുറുപ്പുംപടി സ്വദേശി ശാന്തയായിരിക്കാമെന്ന് ഒരു ഊഹം പൊലീസിനുണ്ടായിരുന്നു. എന്നാല്‍ ശാന്തയുടെ അടുത്ത ബന്ധുകള്‍ക്ക് പോലും മൃതദേഹം ശാന്തയുടേതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അടുത്ത ചുവടുവെയ്ക്കാനാകാതെ നിന്ന പൊലീസിന് അന്വേഷണത്തില്‍ തുടര്‍ന്നുള്ള ചുവടുകള്‍ക്ക് ബലം നല്‍കിയത് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലാണ്. നിര്‍ണായകമായ ആ മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍മാരായ ഡോ. ലിസ ജോണ്‍, ഡോ. സന്തോഷ് ജോയ് എന്നിവരുടെ കണ്ടെത്തലുകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 

ആ പാടുകള്‍ മറനീക്കി

മരിച്ചത് ആരെന്ന് ഉറപ്പിക്കുകയായിരുന്നു പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഒരു കാരണവശാലും ആളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. കാതില്‍ ഒരു കമ്മലുണ്ടെങ്കിലും ആളെ തിരിച്ചറിയാന്‍ അത് മതിയായിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡിഎന്‍എ പരിശോധന ഫലത്തെ ആശ്രയിക്കുന്നതാണ് പൊലീസിന്‍റെ രീതി. അതിന്‍റെ ഫലം വരാന്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. സാഹചര്യങ്ങളും ഊഹങ്ങളും വെച്ച് മരിച്ചത് ശാന്തയെന്ന് പറയാമെന്നല്ലാതെ തെളിവുകള്‍ ഒന്നുമില്ല. ഇവിടെയാണ് പോസ്റ്റുമോര്‍ട്ടം നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം പുരോഗമിക്കുന്നതിനിടെയാണ് കഴുത്തിലെ ആ പാട് ഡോ. ലിസ ജോണ്‍, ഡോ. സന്തോഷ് ജോയിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ തൈറോയിഡ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും അതിന്‍റെ പാടാണ് കഴുത്തിലേതെന്നും പൊലീസ് സര്‍ജന്‍മാര്‍ ഉറപ്പിച്ചു. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശാന്ത തൈറോയിഡ്  ശസ്ത്രക്രിയക്ക് നടത്തിയിട്ടുണ്ടോ? ചോദ്യത്തിന് ഉത്തരം നല്‍കിയത് ശാന്തയുടെ മകനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാന്തക്ക് ശാസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അന്വേഷണത്തിലെ വഴിത്തിരിവ് ഈ കണ്ടെത്തലായിരുന്നു. 

പൊലീസ് സര്‍ജന്‍മാരായ ഡോ. ലിസ ജോണും ഡോ. സന്തോഷ് ജോയിയും.

മരണത്തിന്‍റെ സമയം

അന്വേഷണത്തില്‍ വ്യക്തമാകേണ്ട മറ്റൊരു വിവരം ശാന്ത മരിച്ച സമയമാണ്. ഈ മാസം ഇരുപത്തി മൂന്നിനാണ് വൈദികന്‍റെ ഊന്നുകല്ലിലെ ആളൊഴിഞ്ഞ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകമെന്ന് ഇന്‍ക്വസ്റ്റില്‍ സൂചനകള്‍ ലഭിച്ചു. എന്നാല്‍ മറ്റ് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. കൊല്ലപ്പെട്ട സമയം സംബന്ധിച്ചും വ്യക്തത വന്നത് പോസ്റ്റുമോര്‍ട്ടത്തിലാണ്. മൃതദേഹം കണ്ടെത്തുന്നതിന് ഒരാഴ്ച മുന്‍പാണ് കുറുപ്പംപടി സ്വദേശി ശാന്തയെ കാണാതായത്. മൂന്ന് ദിവസം കഴിഞ്ഞാണ് ഇത് സംബന്ധിച്ച് പരാതി ബന്ധുക്കള്‍ പൊലീസിന് നല്‍കുന്നത്. മൃതദേഹം കണ്ടെത്തുന്നത് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞ്. വീടു വിട്ടിറങ്ങിയ ശാന്ത അന്ന് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ചുരുങ്ങിയത് ആറ് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടെന്ന് പൊലീസ് സര്‍ജന്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു.

ആ ആയുധം ഏത്

ഇനിയുള്ള നിര്‍ണായക ചോദ്യം എങ്ങനെ കൊലപ്പെടുത്തിയെന്നാണ്. ചുറ്റികയോ അതിന് സമാനമായ മറ്റേതെങ്കിലും ആയുധം. പൊലീസ് സര്‍ജന്‍മാരായ സന്തോഷ് ജോയിയും ലിസ ജോണും ഇങ്ങനെ തറപ്പിച്ച് പറയാന്‍ കാരണം തലയില്‍ കണ്ടെത്തിയ മുറിവുകളാണ്. തലയുടെ ഒരു വശത്തേറ്റ അടിയില്‍ തലയോട്ടിയടക്കം തകര്‍ന്നിരുന്നു. ചുറ്റികകൊണ്ട് അടിച്ചാലുണ്ടാകുന്നതിന് സമാനമായ ആഴത്തിലുള്ള മുറിവാണ് തലയിലുണ്ടായിരുന്നത്. ചുറ്റികയല്ലെങ്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഉരുണ്ട് കനമുള്ള സ്പാനര്‍പോലെയുള്ള എന്തെങ്കിലും വസ്തു. മറ്റെവിടെയോ വെച്ച് തലയ്ക്കടിച്ച് വീഴ്ത്തി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. 

ക്രൂരം കൊലപാതകം

തലയിലേറ്റ മുറിവിനപ്പുറത്തേക്ക് ശാന്തയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ട്. ആഭരണം കവരുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ഉറപ്പിക്കാവുന്ന സൂചനകളും പോസ്റ്റുമോര്‍ട്ടത്തിലുണ്ട്. വലത് ചെവിയുടെ കമ്മലിട്ട ഭാഗം പറിച്ചെടുത്ത നിലയിലായിരുന്നു. ഇടത് ചെവിയിലെ കമ്മല്‍ പറിച്ചെടുക്കാന്‍ ശ്രമം നടത്തിയതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ മറ്റ് ആഭരണങ്ങള്‍ ഇല്ല എന്നതും കവര്‍ച്ചയെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചു. വര്‍ഷങ്ങളായി ശാന്തയും പ്രതി രാജേഷും സുഹൃത്തുക്കളാണ്. രാജേഷിന്‍റെ കാറില്‍ കയറി ശാന്ത പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പിന്നാലെ പൊലീസ് ശേഖരിച്ചു. രാജേഷ് വിറ്റ ശാന്തയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലെ ആ കണ്ടെത്തലുകളുടെ ആത്മവിശ്വാസത്തിലായിരുന്നു എറണാകുളം റൂറല്‍ പൊലീസിന്‍റെ പിന്നീടുള്ള ഓരോ ചുവടുകളും. 

ENGLISH SUMMARY:

In every crime, it is the careful linking of small details that leads the police to the accused. If even a single clue is missed, the path to the culprit grows longer. Each step taken after uncovering a crime becomes crucial in the investigation. There have also been many instances where inquiries came to a standstill, unable to move even a step forward. One such case that initially baffled the police was the Oonukal Shantha murder. On the tenth day after Shantha’s death, Kochi Rural Police arrested Rajesh, a native of Adimali, from Kochi. Amidst speculations and uncertainties, what guided the police was the postmortem. It was from the postmortem table at Kalamassery Medical College that the path to the accused finally emerged.