പത്തനംതിട്ട റാന്നിയിലെ അരുംകൊലയില്‍ വിധി വന്നിരിക്കുകയാണ്. കീക്കൊഴൂരിലെ രഞ്ജിതയുടെ കൊലപാതകമാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ വിശദമായി നോക്കുന്നത്. 2023 ജൂണ്‍ 24 അതായത്, ചൊവ്വാഴ്ചയാണ് ഈ കൊലപാതകം നടക്കുന്നത്. ഒപ്പം താമസിച്ചിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. കീക്കൊഴൂർ മലർവാടി ജംക്‌ഷന് സമീപം ഇരട്ടപ്പനയ്ക്കൽ രഞ്ജിതയ്ക്ക് ഇരുപത്തിയേഴ് വയസായിരുന്നു.
അന്ന് പിടിയിലായത് റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ്, അതുലിന് അന്ന് 29 വയസായിരുന്നു. 24ന് രാത്രി എട്ട് മണിയോടെ രഞ്ജിതയുടെ വീട്ടില്‍ അതുല്‍ കയറി. രഞ്ജിതയുടെ മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി വെട്ടി. അതിന് ശേഷം അവിടെ നിന്നും കടന്നുകളഞ്ഞു. പിന്നീട് 25ന് രാവിലെയോടെയാണ് അതുലിനെ പിടികൂടുന്നത്. അന്ന് അതുലിന് പരുക്കേല്‍ക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കുറേ നാളുകളായി രഞ്ജിതയ്ക്കൊപ്പം താമസിക്കുകയായിരുന്നു അതുല്‍. രഞ്ജിതയുടെ കുട്ടികളും ആ വീട്ടില്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍ അതുല്‍ നിരന്തരം അവിടെ വഴക്കുണ്ടാക്കുന്നുണ്ട്. രഞ്ജിതയെ ദേഹോപദ്രവവും ഏല്‍പ്പിക്കാന്‍ തുടങ്ങി. അതിക്രമം പതിവായതോടെ രഞ്ജിത പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയാണ്. അങ്ങനെ റാന്നി പൊലീസില്‍ പരാതി നല്‍കി. ആ പരാതി തന്റെ ജീവന്‍ വെടിയാന്‍ കാരണമാകുന്ന കൊലപാതകത്തിലേക്ക് നയിക്കുമെന്ന് അപ്പോള്‍ രഞ്ജിത അറിഞ്ഞിരുന്നില്ല. പരാതി നല്‍കിയ ദിവസമാണ് അതുല്‍ ഈ കൊലപാതകം നടത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെയാണ് രഞ്ജിതയെ വെട്ടിനുറുക്കുന്നത്.
മകളെ ആക്രമിക്കുന്നത് തടയാന്‍ രഞ്ജിതയുടെ അമ്മയും അച്ഛനും ശ്രമിച്ചു. അതുല്‍ അവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. അതുല്‍ ചില്ലറക്കാരനല്ലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.