ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയതെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. 

ആദ്യമായാണ് രാസലഹരി ഉൽപ്പാദിപ്പിക്കുന്ന കിച്ചനുകൾ കണ്ടെത്തുന്നത്.  മലപ്പുറം പുതുക്കോട്ട് സ്വദേശിയെ വിൽപനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് ടൗൺ പോലീസ്  കഴിഞ്ഞ ഫെബ്രുവരിയിൽ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി മയക്കുമരുന്ന് വാങ്ങിയത് നൈജീരിയൻ സ്വദേശിയിൽ നിന്നാണെന്നും,  മറ്റ് രണ്ട് നൈജീരിയൻ സ്വദേശികൾക്ക് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടന്നും കണ്ടെത്തി. ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ വെച്ചാണ് അവർ പണം പിൻവലിച്ചത് എന്നും മനസ്സിലാക്കി. അവരുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരം ഹരിയാന പൊലീസിനു കൈമാറി. 

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് നൈജിരിയക്കാർ താമസിക്കുന്ന ഗുരുഗ്രാമിൽ എത്തുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു.  റെയ്ഡിൽ സിന്തറ്റിക്ക് മയക്കുമരുന്നുകൾ അനധികൃതമായി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയൻ സ്വദേശികളും, ഒരു നേപ്പാൾ സ്വദേശിയും, ഒരു മിസ്സോറാം സ്വദേശിനിയും ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു.

ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്നും 1.60 കിലോ സൾഫ, 904 ഗ്രാം കൊക്കെയ്ൻ, 2.34 കിലോ അസംസ്കൃത കൊക്കെയ്ൻ,   7,500 രൂപ,  42 മൊബൈൽ ഫോണുകൾ, 3 ഇലക്ട്രോണിക് തുലാസുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവ കണ്ടെത്തി.  

ENGLISH SUMMARY:

Kerala drug bust uncovers a major synthetic drug manufacturing hub. The Kerala Police, in collaboration with Haryana and Delhi police, dismantled a drug production center in Gurugram, Haryana, arresting several individuals and seizing substantial quantities of drugs and equipment.