തനിക്കെതിരെവന്ന കേസ് ജീവിതം നശിപ്പിച്ചുവെന്നു പറഞ്ഞാണ് വക്കം പഞ്ചായത്തംഗം അരുണ്‍ അമ്മയ്ക്കൊപ്പം ജീവനൊടുക്കിയത്. കഴിഞ്ഞ ഓണാഘോഷക്കാലത്ത് നാട്ടിലുണ്ടായ തര്‍ക്കമാണ് അരുണിനെതിരായ പോലീസ് കേസിനാധാരം. ഓണാഘോഷത്തിനിടെ ഒരാളെ ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചു എന്നതായിരുന്നു അരുണിനെതിരെ ഉയര്‍ന്ന പരാതി. പരാതിയില്‍ പൊലീസ് പട്ടികജാതി പീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ഈ കേസ് തന്റെ ജീവിതത്തില്‍ പല പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് അരുണ്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വാട്സാപിലൂടെ അയച്ച ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. അതൊരു വ്യാജകേസാണെന്നും കേസിനു ശേഷം താന്‍ പ്ലാന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും അരുണ്‍ പറയുന്നു. പാസ്പോര്‍ട് വെരിഫിക്കേഷന്‍ പോലും നടക്കുന്നില്ല. കടുത്ത നിരാശയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് മരിക്കുന്നതിനു തൊട്ടുമുന്‍പ് അരുണ്‍ അയച്ചത്.
അരുണിനേയും അമ്മ വത്സലയേയും ഇന്നുരാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് അരുണിന്റെ മെസേജ് സുഹൃത്തുക്കള്‍ കണ്ടത്. ഉടൻതന്നെ ഇവർ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ അരുണിനെയും അമ്മ വത്സലയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയേയും മകളേയും ഇന്നലെ വീട്ടില്‍ക്കൊണ്ടുവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പിൽ മരണത്തിനു ഉത്തരവാദികളായ ചിലരുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പേര് പറയുന്നവര്‍ക്കെതിരെ ആത്മഹത്യാപ്രരണയ്ക്ക് കേസെടുക്കേണ്ടി വരുമെന്നാണ് സൂചന.