ഒന്നിച്ചുജീവിക്കാനായി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനും കാമുകിക്കും ഏഴുവര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ചെമ്മരുതി കോവൂർ സ്വദേശിനി ഗീതയെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷ വിധിച്ചത്. ഗീതയുടെ ഭര്‍ത്താവ് അയിരൂര്‍ ചാവര്‍കോട് സ്വദേശി നളനും കാമുകി പുളിമാത്ത് സ്വദേശി സുജാതയുമാണ് പ്രതികള്‍.
ഗീതയെ ബലം പ്രയോഗിച്ച് പൊട്ടാസ്യം പെര്‍മാംഗനേറ്റ് തീറ്റിച്ച് കൊല്ലാനായിരുന്നു ഇവരുടെ ശ്രമം. പിഴയടച്ചില്ലെങ്കില്‍ ഇരുവരും ഒരു വർഷം അധിക തടവ് അനുഭവിക്കണം.
2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നളനുമായി പിണങ്ങിക്കഴിയുകയായിരുന്നു ഗീത. ഭാര്യ വീടുവിട്ടുപോയതിനുപിന്നാലെ നളൻ കാമുകിയെ വീട്ടില്‍ വിളിച്ചു കയറ്റി താമസിപ്പിച്ചു. ഇത് ചോദ്യം ചെയ്യാന്‍ ഗീത വീട്ടിലെത്തിയ സമയത്താണ് ഇരുവരും ചേര്‍ന്ന് അപ്രതീക്ഷിത ആക്രമണം നടത്തിയത്.
യുവതിയെ ബലമായി പിടിച്ചുവെച്ച് വായിലേക്ക് പൊട്ടാസ്യം പെർമാംഗനേറ്റ് ഇട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിലാണ് അവര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നത്. പഞ്ചായത്ത് അംഗമായിരുന്നു പരുക്കേറ്റ ഗീതാ നളന്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദാണ് ഹാജരായത്.