കൂട്ടുകാരനുമായി രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവതിയെ കുത്തിക്കൊന്ന കേസില്‍, സഹോദരൻമാർക്ക് ജീവപര്യന്തം തടവ് വിധിച്ച് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി. കോടതിയില്‍ എല്ലാ സാക്ഷികളും കൂറുമാറിയപ്പോഴും, കൂറ് മാറാതെ മൊഴി നല്‍കിയത്  അയൽക്കാരനായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മാത്രമാണ്. ആ മൊഴിയാണ് കോടതിയില്‍ നിര്‍ണായകമായതും, പ്രതികളെ ഇരുമ്പഴിക്കുള്ളിലാക്കിയതും. 

തില്ലങ്കേരി പടിക്കച്ചാലിലെ പുതിയപുര വീട്ടില്‍ കെഎൻ ഇസ്മയിൽ (40), കെഎൻ ഫിറോസ് (36) എന്നിവരെയാണ് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പടിക്കച്ചാലിലെ പുതിയപുരയിൽ ഖദീജയെയാണ് (28) 13 വര്‍ഷത്തിന് മുമ്പ് സഹോദരന്മാര്‍ കുത്തിക്കൊന്നത്.   2012 ഡിസംബർ 12നാണ് ക്രൂര കൊലപാതകം ന‌ടന്നത്. 

കുത്തേറ്റ ഒന്നാം സാക്ഷിയും, ഖദീജയെ കല്യാണം കഴിക്കാന്‍ വന്നയാളുമായ ഷാഹുല്‍ മുന്‍ സൈനികനോട് രഹസ്യമായി പറഞ്ഞ വിവരങ്ങളാണ് കേസിൽ നിര്‍ണായകായത്. സഹോദരന്മാരു‌ടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഷാഹുല്‍ ആക്രമണ വിവരം ഹോം ഗാര്‍ഡായി ജോലി ചെയ്തിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയത്. 

ഖദീജയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. കോഴിക്കോട് സ്വദേശി ഷാഹുൽ ഹമീദിനെ കല്യാണം കഴിക്കാനൊരുങ്ങിയതാണ് ക്രൂര കൊലപാതകത്തിന് കലാശിച്ചത്. ഇസ്ലാം നിയമപ്രകാരം മതപരമായ ചടങ്ങുകളോടെ കല്യാണം നടത്താമെന്ന് വിശ്വസിപ്പിച്ച് ഖദീജയെയും  ഷാഹുലിനെയും വീട്ടിലേക്ക് വിളിപ്പിച്ച സഹോദരന്മാര്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഷാഹുലിനെയും ഖദീജയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഓ‌ടി രക്ഷപ്പെട്ടോടിയ ഷാഹുൽ എല്ലാ വിവരങ്ങളും മുന്‍ സൈനിക ഉദ്യോഗസ്ഥനോട് പറയുകയായിരുന്നു. 

ഒരാളൊഴികെ എല്ലാ സാക്ഷികളും കൂറുമാറിയ കേസാണിത്. മട്ടന്നൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെവി വേണുഗോപാലാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ ത‌‌ടവിന് പുറമേ, ഇരുവരും 60,​000 രൂപ പിഴയും അ‌ടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. 

ENGLISH SUMMARY:

Woman Killed for Attempting Second Marriage; Brothers Get Life Imprisonment