അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ 11 വയസ്സുകാരനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമ്മയ്ക്കും കാമുകനും തടവുശിക്ഷ. കോട്ടാങ്ങൽ സ്വദേശികളായ 45 വയസ്സുകാരിക്കും 36 വയസ്സുകാരനുമാണ് ശിക്ഷ. 2023 ഏപ്രിൽ 6-നും 9-നും ഇടയിലായിരുന്നു അക്രമം. അച്ഛനില്ലാത്ത സമയം അമ്മ കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുട്ടി കണ്ടു.
പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ കാമുകൻ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറിയോടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന കമ്പെടുത്ത് പുറത്തടിച്ചു. പിതാവിനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തുകയും, കാമുകനെ കൊണ്ട് കുട്ടിയെ ആക്രമിപ്പിക്കുകയും ചെയ്തു. 2023-ൽ പെരുമ്പെട്ടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി വിധി പറഞ്ഞത്.
ഒന്നാം പ്രതിയായ മാതാവിന് മൂന്ന് മാസം കഠിനതടവും 5000 രൂപ പിഴയും, രണ്ടാം പ്രതിയായ ആൺസുഹൃത്തിന് മൂന്ന് മാസം കഠിനതടവും 1000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ യഥാക്രമം അഞ്ച് ദിവസവും ഒരു ദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം.