ബിഹാറിൽ ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ നവജാത ശിശു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുഞ്ഞാണെന്നും, അവൾ ഗർഭം ധരിച്ചത് സ്വന്തം പിതാവിൽ നിന്നാണെന്നും കണ്ടെത്തി പൊലീസ്. ജന്മം തന്ന അച്ഛൻ തന്നെയാണ് തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ ഞെട്ടിക്കുന്ന മൊഴി. പട്ന - ഛണ്ഡീഗഢ് വേനൽക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അച്ഛൻ എപ്പോഴും മദ്യപിക്കുന്നയാളാണെന്നും, വർഷങ്ങളായി ലെെംഗികമായി തന്നെ ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
പൊക്കിൾക്കൊടി മുറിച്ചിട്ടില്ലാത്ത നിലയിലാണ് ട്രെയിനിലെ ശുചിമുറിയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ട്രെയിനിലെ കച്ചവടക്കാരാണ് കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയത്. അവർ ടിടിഇയെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിൻ മൊറാദാബാദിലെത്തിയപ്പോഴാണ് കുഞ്ഞിന് വെെദ്യസഹായം നൽകിയത്.
കുഞ്ഞിനെ ഉപേക്ഷിച്ചിരുന്ന ബാഗിൽ ഒരും സിം കാർഡുണ്ടായിരുന്നു. അതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണമാണ് സംഭവങ്ങൾ പുറത്തുകൊണ്ടുവന്നത്. പെൺകുട്ടിയുടെ ബന്ധുവിന്റേതായിരുന്നു ആ സിം കാർഡ്. അയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയെ സ്വന്തം പിതാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന വിവരം ലഭിക്കുന്നത്.
കുട്ടി പിതാവിൽ നിന്ന് ഗർഭം ധരിച്ചത് മറച്ച് പിടിക്കാൻ കുടുംബം ശ്രമിച്ചു. ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡൽഹിയിലേക്ക് ചികിത്സിക്കാൻ കൊണ്ടുപോകുന്നതിനിടെ ജൂൺ 22ന് വാരണാസിക്കടുത്തുവെച്ചാണ് ട്രെയിനിൽ കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ബാഗിലാക്കി മറ്റൊരു ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഉപേക്ഷിക്കുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം.