പത്തനംതിട്ടയില്‍ അനാഥ മന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണി ആയെന്ന കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയായതിന്‍റെ തൊട്ടടുത്ത ദിവസം യുവാവിനൊപ്പം പുറത്തുപോയപ്പോഴാണ് ബന്ധമുണ്ടായത് എന്നാണ് മൊഴി. സ്വകാര്യ അനാഥാലയത്തിലെ ഒരു അന്തേവാസിയുമായി നടത്തിപ്പുകാരിയുടെ മകന്‍ എങ്ങനെ ഇടപഴകി, പുറത്തു കൊണ്ടുപോയി തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹത ഉള്ളതായി ആരോപണം ഉയരുന്നുണ്ട്.
നടത്തിപ്പ് ചുമതലയുള്ള ആളുടെ മകന്‍ ശിശുക്ഷേമസമിതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവിടെ അമിത സ്വാതന്ത്യമെടുത്തതായാണ് സംശയം. ഇവിടെ വേറേയും പെണ്‍കുട്ടികള്‍ അന്തേവാസികള്‍ ആയി ഉണ്ടെന്നിരിക്കെ ഇക്കാര്യങ്ങള്‍ ശിശുക്ഷേമ സമിതി വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസിലെ അവ്യക്തതകള്‍ നീക്കാനായി പൊലീസ് വിദഗ്ധ ഗൈനക്കോളജിസ്റ്റുകളുടെ സഹായം തേടും. പ്രായപൂര്‍ത്തിയാകും മൂന്‍പ് ഗര്‍ഭിണി ആയോ എന്ന് സ്ഥിരീകരിക്കാനാണ് ഡോക്ടര്‍മാരെ സമീപിക്കുന്നത്.
2024 നവംബര്‍ ഒന്‍പതാം തീയതി 18തികഞ്ഞെന്നും പത്താംതീയതി ആണ് യുവാവുമായി ബന്ധമുണ്ടായത് എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇരുപത്തിമൂന്നാം തീയതി വിവാഹവും കഴിഞ്ഞു. ജൂണ്‍ രണ്ടിനായിരുന്നു പ്രസവം. പ്രായപൂര്‍ത്തിയായ ശേഷമാണ് ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അതിനും ഒരു മാസം മുമ്പേ ഗര്‍ഭിണിയായിരിക്കാം എന്നാണ് ഡോക്ടറുടെ മൊഴി. ഇത് വിശദമായി പരിശോധിക്കാനാണ് വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന്‍റെ അഭിപ്രായം തേടുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി ആയി എന്ന് കണ്ടെത്തിയാല്‍ നടത്തിപ്പുകാരടക്കം പ്രതികളാകും.
ജൂണ്‍ രണ്ടിലെ പ്രസവ വിഡിയോ പ്രചരിപ്പിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് പരാതികള്‍ വരുന്നത്. ഇതോടെ ശിശുക്ഷേമ സമിതി പരിശോധന നടത്തി അടൂര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം ആരേയും പ്രതി ചേര്‍ക്കാതെയാണ് അടൂര്‍ പൊലീസ് കേസെടുത്തത്.