2025 ഏപ്രിലിൽ വിദേശത്ത് ജോലി. കോല‍ഞ്ചേരി കടമറ്റത്തെ 'ലാംബ്രോമെലൻ' കൺസൾട്ടൻസിയിലെത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇത്. വാക്ക് വിശ്വസിച്ച് ഓരോരുത്തരും നൽകിയത് ലക്ഷങ്ങൾ. 2025 ഏപ്രിലിൽ എത്തിയപ്പോൾ സ്ഥാപനത്തിന് ഷട്ടറിട്ടു. ഒന്നും രണ്ടും ദിവസം കഴിഞ്ഞിട്ടും സ്ഥാപനം തുറക്കാതായതോടെയാണ് തട്ടിപ്പാണെന്ന് എല്ലാവർക്കും ബോധ്യമായത്. 

സുഭാഷ് എന്ന പ്രവീൺ വിശ്വനാഥൻ

ലാംബ്രോമെലൻറെ ഉടമയായിരുന്നു പ്രവീൺ വിശ്വാനാഥൻ. ജെൻറിൽമെൻ ലുക്കിൽ ആരെയും ആകർഷിക്കുന്ന സംസാരശൈലിയുമായി തട്ടിപ്പിൽ ബിരുദമെടുത്ത വിദ്വാൻ. പ്രവീൺ വിശ്വനാഥൻ എന്നത് വ്യാജപേരാണെന്ന് ഉദ്യോഗാർഥികളടക്കം മനസിലാക്കുന്നത് പുത്തൻകുരിശ് പൊലീസിൻറെ അന്വേഷണത്തിലാണ്. പ്രവീൺ വിശ്വനാഥൻറെ യഥാർഥ പേര് ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ്.എം.വർഗീസ്.  

ഒരു വർഷം നീണ്ട തട്ടിപ്പ്

2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ മാസം വരെയാണ്  കോലഞ്ചേരി കടമറ്റത്ത് 'ലാംബ്രോമെലൻ' എന്ന സ്ഥാപനം പ്രവർത്തിച്ചത്. കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥൻറെ ആധാർ കാർഡും മേൽവിലാസം ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം. ബാങ്ക് അക്കൗണ്ടെടുത്തതും ജോലി അന്വേഷിച്ചെത്തിയ ആളെ പറ്റിച്ച്.  ജോലി അന്വേഷിച്ചു എത്തിയ ആളുടെ അക്കൗണ്ട് നമ്പർ ട്രാൻസാക്ഷൻ കാണിക്കാനെന്ന പേരിൽ കൈവശപ്പെടുത്തി. ഈ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ. 

പഠിച്ച കള്ളൻ

അന്വേഷണം ആരംഭിച്ച പുത്തൻകുരിശ് പൊലിസ് ആദ്യഘട്ടത്തിൽ ഏറെ കഷ്ടപ്പെട്ടു. പിന്നീട് തട്ടിപ്പിന് പിന്നിൽ സുഭാഷെന്നുറപ്പിച്ചു. വെങ്ങോലയിൽ വാടക വീട്ടിലായിരുന്നു സുഭാഷിൻറെ താമസം. ബസിലായിരുന്നു യാത്രകളേറെയും. പൊലീസ് തനിക്ക് പിന്നാലെയെന്ന് സൂചന ലഭിച്ചതോടെ സുഭാഷ് തൃശൂരിലേക്ക്  കടന്നു. തിരുവില്വാമലയിൽ കുടുംബവുമായി വാടയ്ക്ക് താമസിച്ചിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്.  2009 ൽ കോതമംഗലം അജാസ് വധക്കേസിൽ ഒന്നാംപ്രതിയായി 2018 വരെ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് സുഭാഷ്. 

അന്വേഷണം വ്യാപിപ്പിച്ചു

സുബാഷിൻറെ തട്ടിപ്പിന് കൂടുതൽ പേർ ഇരകളായിട്ടുണ്ടെന്നാണ് നിഗമനം. തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് സംശയിക്കുന്നു. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയാണ് റൂറൽ പൊലീസ്.  റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ ഇൻസ്പെക്ടർ എൻ. ഗിരീഷ്, എസ്.ഐമാരായ കെ.ജി ബിനോയി. ജി ശശിധരൻ, എ.എസ് മാരായ ബിജു ജോൺ ,കെ.കെ സുരേഷ്കുമാർ,വിഷ്ണു പ്രസാദ്, സീനിയർ സി പി ഒ മാരായ രാജൻ കാമലാസനൻ, പി.ആർ അഖിൽ, പി.എം റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ENGLISH SUMMARY:

Subhash M. Varghese, masquerading as Praveen Viswanathan, orchestrated a cunning job recruitment scam through his "Lambromelon" consultancy in Kothamangalam, Kochi, from August 2024 to April 2025, promising lucrative overseas positions for April 2025. Victims, after paying substantial sums, discovered the consultancy had vanished, leaving them defrauded. Subhash, who even utilized a job applicant's bank account for his illicit transactions, was eventually apprehended by the Puthencruz police in Thrissur, where he had been living with his family. This arrest also brought to light his past as the prime accused in the 2009 Kothamangalam Ajas murder case. The Rural Police are now broadening their investigation, suspecting the involvement of additional individuals in this sophisticated fraud