തൃശൂര്‍ പുതുക്കാട് അവിവാഹിതയായ യുവതി പ്രസവിച്ച സംഭവത്തില്‍ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. രണ്ടു വര്‍ഷത്തിനിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം നല്‍കിയത്. ഫെയ്സ്ബുക്ക് വഴിയാണ് തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയായ ബിവിന്‍ (26) വെള്ളികുളങ്ങര നൂല്‍പ്പുഴ സ്വദേശി അനീഷ (21) എന്നിവര്‍ പരിചയപ്പെടുന്നത്. പിന്നീട് മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായി. 2023 ലും 2024 ലും യുവതി രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും രണ്ടു കുഞ്ഞുങ്ങളും പ്രസവത്തോടെ മരണപ്പെട്ടു എന്നായിരുന്നു ആദ്യ മൊഴി. ശനിയാഴ്ച രാത്രി കുട്ടിയുടെ അസ്ഥിയുമായി ബിവിന്‍ മദ്യലഹരിയില്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
Also Read: നവജാത ശിശുക്കളെ കുഴിച്ചിട്ട് കമിതാക്കള്‍; അസ്ഥികള്‍ സൂക്ഷിച്ചു; കൊലപാതകമെന്ന് സംശയം
പൊലീസ് നടത്തിയ പരിശോധനയില്‍ ആദ്യത്തെ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തേത് കൊലപാതകമെന്നും കണ്ടെത്തി. ആദ്യത്തെ കുഞ്ഞ് പൊക്കിള്‍കൊടി തെറ്റിയിരുന്നു പുറത്തെത്തിയത്. പ്രസവത്തോടെ കുഞ്ഞിന് അനക്കമില്ലായിരുന്നു എന്നാണ് അനീഷ നല്കിയ മൊഴി. രണ്ടാമത്തെ പ്രസവത്തിലും കുഞ്ഞ് അനക്കമില്ലാതെയാണ് പുറത്തെത്തിയതെന്ന് അനീഷ പൊലീസിനോട് പറഞ്ഞെങ്കിലും രണ്ടാമത്തെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആണ്‍സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം.
പ്രസവത്തോടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കുമെന്ന പേടിയില്‍ കുഞ്ഞിനെ അനീഷ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ബിവിന്‍ പൊലീസ് സ്റ്റേഷനിലെത്തില് എത്തിച്ച അസ്ഥികകള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബിവിന്റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ബിവിന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്