തൃശൂരിലെ അക്യൂപങ്ചര്‍ ചികില്‍സയ്ക്കിടെ യുവതിയുടെ മരണത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. യുവതിയുടെ മരണകാരണം പ്രസവ ശേഷമുള്ള പരിചരണമില്ലായ്മയാണ്. യുവതിയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലായിടത്തും അണുബാധയുണ്ട്. മുതുകിലെ വ്രണം പുഴുവരിച്ചനിലയിലായിരുന്നു. അതേസമയം, കുഞ്ഞിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്.
ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് തൃശൂരില്‍ തൃശൂർ ചാവക്കാട് സ്വദേശി മുഹ്സീന മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് മുപ്പത്തിയേഴുകാരിയായ മുഹ്സിന പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ആറു ദിവസത്തിനുശേഷം കുട്ടി മരിച്ചു. ശരീരത്തിൽ പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്ന മുഹ്സീന ഗുരുതരാവസ്ഥയിലായി. എന്നിട്ടും ഭർത്താവ് ഇബ്രാഹിം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നാണ് ബന്ധുക്കളുടെ പരാതി.
അക്യുപങ്ചർ ചികിൽസയാണ് ഇബ്രാഹിം പിൻതുടർന്നിരുന്നത്. മുഹ്സിനയെ കുടുംബവുമായി ബന്ധപ്പെടാൻ ഇബ്രാഹിം അനുവദിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട്ട് വീട്ടിലെത്തിയ യുവതിയുടെ പിതാവും സഹോദരിയുമാണ് ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിൽ നിന്ന് ക്രൂര പീഡനത്തിന് യുവതി ഇരയായെന്നും കുടുംബം ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.