തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളുടെ മരണം കൊലപാതകമെന്നാണ് സംശയം. സംഭവത്തില്‍ ബിവിന്‍ (25), അനീഷ (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ പ്രസവം 2023 ലും രണ്ടാമത്തെ പ്രസവം 2024 ലുമായിരുന്നു. മൂത്ത കുട്ടിയെ ബവിന്‍റെ വീട്ടിലും രണ്ടാമത്തെ കുട്ടിയെ അനീഷയുടെ വീട്ടിലുമാണ് കുഴിച്ചിട്ടത്. ആദ്യകുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നെന്നും അനീഷ മൊഴി നല്‍കിയിട്ടുണ്ട്. ആദ്യത്തെ കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് ബവിന്റെ വീട്ടിലേക്ക് മാറ്റിയെന്നാണ് മൊഴി. അതേസമയം അനീഷ ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിട്ടില്ലായിരുന്നു.
കുട്ടിയുടെ അസ്ഥിയുമായി ബിവിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. മദ്യലഹരിയിലാണ് ബിവിന്‍ സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ ഫൊറന്‍സിക് പരിശോധന നടത്തിയ പൊലീസ് കുട്ടികളുടേത് കൊലപാതകമെന്ന സംശയത്തിലാണ്. അസ്ഥികള്‍ സൂക്ഷിച്ചത് ദോഷം തീരുന്നതിന് കർമ്മം ചെയ്യാൻ വേണ്ടിയാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുഞ്ഞിനെ കൊന്നത് അറിയില്ലെന്ന് അനീഷയുടെ അമ്മ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഈ വീട്ടില്‍ പ്രസവിച്ചെങ്കില്‍ ഞാനറിയും. ഗര്‍ഭിണിയാണെന്നും അറിഞ്ഞിരുന്നില്ല. പ്രണയത്തിലാണെന്ന് അറിയാമായിരുന്നു. എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ അവള്‍ പിന്മാറി, അനീഷയുടെ അമ്മ പറഞ്ഞു.