ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് പൊലീസ് മീഡിയ സെല്ലിന്‍റെ പേരില്‍ കാര്‍ഡിറക്കി. ഗുണ്ടകള്‍ ഗുണ്ടകളായാല്‍ പൊലീസ് പൊലീസാകും എന്നാണ് കാര്‍ഡില്‍. തൃശൂര്‍ കമ്മിഷണറാണ് മുന്നറിയിപ്പുമായി കാര്‍ഡിറക്കിയത്. 

തൃശൂര്‍ നല്ലെങ്കരയിലെ ഗുണ്ടകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മാനസികാരോഗ്യ ചികില്‍സ തേടുന്നവര്‍ക്കു നല്‍കുന്ന ഗുളികകള്‍ സ്ഥലത്തു നിന്ന് കണ്ടെടുത്തു. മക്കളും കൂട്ടാളികളും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന അമ്മയുടെ പരാതിയിലും പൊലീസ് കേസെടുത്തു. 

Also Read : ‘മക്കളും ഗുണ്ടകളും ആക്രമിക്കാന്‍ ശ്രമിച്ചു’; നല്ലെങ്കര ആക്രമണത്തില്‍ പരാതി നല്‍കിയത് പ്രതികളുടെ അമ്മ

പൊലീസിനെ ഗുണ്ടാസംഘം ആക്രമിച്ച സ്ഥലത്തു നിന്ന് ഗുളികകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മാനസികാരോഗ്യ ചികില്‍സയ്ക്കു ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന്. ഈ ഗുളിക കഴിച്ചാല്‍ രോഗികള്‍ തളര്‍ന്നുറങ്ങുകയാണ് പതിവ്. മദ്യത്തിനും കഞ്ചാവിനുമൊപ്പം ലഹരി കിട്ടാന്‍ ഈ ഗുളിക കൂടി കഴിച്ചാണ് സ്വബോധം നഷ്ടപ്പെട്ട് പൊലീസിനെ ആക്രമിച്ചത്. 

നല്ലെങ്കരയില്‍ വാടകവീട്ടില്‍ കഴിയുന്ന അല്‍ത്താഫ്, സഹോദരന്‍ അഹദ് എന്നിവരുടെ അമ്മ ഷമീലയാണ് പരാതിക്കാരി. അമ്മയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്ക് വീടിന്‍റെ വാതില്‍ പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മക്കളും കൂട്ടാളികളും  ശ്രമിച്ചപ്പോഴായിരുന്നു അമ്മ പൊലീസിനെ വിളിച്ചത്. പൊലീസ് വന്ന ശേഷം അമ്മ വീടിനു പുറത്തിറങ്ങിയോടി അടുത്ത വീട്ടില്‍ അഭയം തേടി. മൂന്നു പൊലീസ് ജീപ്പുകള്‍ തകര്‍ത്ത വകയില്‍ നഷ്ടം നാലു ലക്ഷം രൂപയാണ്. 

ആറു പേരും റിമാന്‍ഡിലാണ്.കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്‍റെ കൈകാലുകള്‍ ഒടിഞ്ഞനിലയിലാണ്. കൂട്ടുപ്രതികള്‍ക്കും പരുക്കുകളുണ്ട്. 

ENGLISH SUMMARY:

State Police Media Cell issues card warning to goondas