തൃശൂർ നല്ലെങ്കരയിൽ പൊലീസിനെ  ഗുണ്ടാസംഘം ആക്രമിച്ച കേസില്‍ പരാതി നല്‍കിയത്, പ്രതികളായ അല്‍ത്താഫിന്റെയും അഹദിലിന്റെയും അമ്മ. ഇരുവരും ചേര്‍ന്ന് നല്‍കിയ പാര്‍ട്ടിയിലാണ് മറ്റുള്ളവര്‍ എത്തിയത്. മക്കളും ഗുണ്ടകളും ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അമ്മയുടെ പരാതി. ഈ പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്.  പൊലീസിനെ ആക്രമിച്ച ഗുണ്ടാസംഘം റിമാൻഡിലാണ്.  

നിലവില്‍ കൊലക്കേസ് പ്രതി ബ്രഹ്മജിത്തും ഷാർബലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അൽത്താഫ്, സഹോദരൻ അഹദിൽ, ആഷ് വിൻ, സഹോദരൻ ഇവിൻ എന്നിവരെയാണ് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. നല്ലെങ്കരയിൽ വാടകയ്ക്കു താമസിക്കുകയാണ് അൽത്താഫ്, അഹദിൽ സഹോദരൻമാര്‍. ഏഴു പേരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്. 

ശനിയാഴ്‍ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തൃശൂര്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അമ്മയുടെ കോള്‍ എത്തുന്നത്. ഒരുസംഘം ആക്രമിക്കുന്നതായി പറഞ്ഞു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും കമ്പിവടികളുമായാണ് പൊലീസിനെ ആക്രമിച്ചത്. നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇവരെ സഹായിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും മണ്ണുത്തിയില്‍ നിന്നും പൊലീസ് ജീപ്പില്‍ ഉദ്യോഗസ്ഥരെത്തി. അവരേയും ആക്രമിച്ചു. മൂന്നു ജീപ്പുകള്‍ തല്ലിതകര്‍ത്തു. ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് പാടത്ത് ഒളിച്ചിരുന്ന ആറു ഗുണ്ടകളേയും ഓടിച്ചിട്ട് പിടികൂടിയത്. ​സ്റ്റേഷന്‍ റൗഡിയായ ബ്രഹ്മജിത്തിനെതിരെ കൊലക്കേസ് ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുണ്ട്.

ENGLISH SUMMARY:

A gang attacked police officers in Thrissur's Nallenkara while probing a complaint by mother against their sons, Althaf and Ahadil, after a party turned violent.