മേഘാലയയില്‍ ഹണിമൂണിനിടെ രാജ രഘുവംശിയെ ഭാര്യ സോനം കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായൊരു കൊലപാതകത്തിന് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളവും സാക്ഷിയായി. 2006 ജൂൺ 18ന് മൂന്നാറില്‍ മധുവിധു ആഘോഷത്തിനെത്തിയ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മിയും കാമുകൻ ആനന്ദും സുഹൃത്ത് അൻപു രാജും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പതാം ക്ലാസു മുതല്‍ പ്രണയത്തിലായിരുന്നു വിദ്യലക്ഷ്മിയും ആനന്ദും. ഒന്നിച്ച് ജീവിക്കാനായിരുന്നു അനന്തരാമനെ കൊലപ്പെടുത്തുന്നത്.
Also Read: പൊലീസിനു താലി നല്കിയ സൂചന; കൊലയ്ക്കു ശേഷം ക്വട്ടേഷന്‍ സംഘത്തിന്റെ ബൈക്കില്‍ കൂളായി കയറി ഭാര്യ
മൂന്നാറിൽ കുണ്ടള ഡാമിനു സമീപത്താണ് കൊലപാതകം നടക്കുന്നത്. ചെന്നൈ മുതല്‍ ദമ്പതികളെ ആനന്ദും അന്‍പുരാജും പിന്തുടര്ന്നു. ഡാമിന്റെ പരിസരത്ത് വച്ച് അനന്തരാമന് മൂത്രമൊഴിക്കാനായി ചെന്നപ്പോള്‍ ക്യാമറയുടെ നൈലോൺ വള്ളിയുപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപാതകം നടത്തിയത്. കേരളത്തിലെത്തിയത് മുതല്‍ ഇവര്‍ കൊലപാതകത്തിന് ശ്രമിച്ചെങ്കിലും അനുകൂല സാഹചര്യമുണ്ടായത് മൂന്നാറിലെത്തയിപ്പോള് മാത്രമാണ്. കിട്ടിയ അവസരത്തില്‍ അവര്‍ അനന്തരാമനെ കൊലപ്പെടുത്തുകയും ചെയ്തു.
ജൂണ്‍ 16നു രാത്രി ചെന്നൈയിൽനിന്നു ട്രെയിനിൽ പുറപ്പെട്ട ദമ്പതികൾക്കൊപ്പം ആനന്ദും സുഹൃത്തായ അൻപുരാജും കയറി. തൃശൂരിലിറങ്ങിയ ദമ്പതികൾ ഗുരുവായൂരിലേക്കാണു പോയത്. അവിടെ ശരവണ ലോഡ്ജിൽ മുറിയെടുത്തു. ഇതിന് എതിർവശത്തെ മുറിയിൽ ആനന്ദും അൻപുരാജും താമസമാക്കി. എന്നാൽ, ലോഡ്ജ് ജീവനക്കാരുടെ സാന്നിധ്യമുള്ളതിനാല്‍ ഇവിടെവച്ചു കൃത്യം നടത്താനായില്ല. തുടർന്നാണു ദമ്പതികൾ മൂന്നാറിലേക്കു തിരിച്ചത്.
17നു രാത്രി മൂന്നാറിലെത്തിയ അവർ 30 കിലോമീറ്റർ അകലെ ചിന്നക്കനാലിലെ റിസോർട്ടിലാണ് താമസിച്ചത്. ആനന്ദും അൻപുരാജും മൂന്നാർ ടൗണിലെ ലോഡ്ജിലും താമസിച്ചു. ചെന്നൈയിൽനിന്നു പുറപ്പെടുന്നതിനു മുൻപു വിദ്യ വഴിച്ചെലവിനായി 8,000 രൂപ ആനന്ദിനു നൽകിയിരുന്നു. കൂടാതെ, ഇരുവരും തമ്മിൽ മൊബൈലിൽ ബന്ധപ്പെട്ടുകൊണ്ടുമിരുന്നു.
ഞായറാഴ്ച ദമ്പതികൾ കുണ്ടള ഡാമിനു സമീപം ഉച്ചയോടെ എത്തി. ബോട്ടിങ്ങിനു പോയ സമയത്താണു വിദ്യ കുണ്ടളയിൽ എത്തിയ വിവരം ആനന്ദിനെ അറിയിക്കുന്നത്. ആനന്ദിന്റെ എയർ ടെൽ മൊബൈലിനു മൂന്നാറിൽ റേഞ്ച് ഇല്ലാത്തതിനാൽ ദമ്പതികള്‍ എത്തിയ ഓട്ടോഡ്രൈവർ അൻപഴകന്റെ കടംവാങ്ങിയ മൊബൈലിലൂടെ ആയിരുന്നു സന്ദേശങ്ങൾ കൈമാറിയത്. ഇതാണു പിന്നീട് പൊലീസിനു നിർണായക തെളിവായി മാറിയത്. ബോട്ടിങ് കഴിഞ്ഞു വന്നയുടൻ അനന്തരാമൻ വിദ്യയെ തടാകക്കരയിൽ ഇരുത്തിയശേഷം മൂത്രമൊഴിക്കാൻ അൽപ്പം ദൂരേക്കു മാറി. ഈ സമയം ഓട്ടോയിൽ കുണ്ടളയിലെത്തിയിരുന്ന ആനന്ദും, അൻപുരാജും അനന്തരാമന്റെ പിന്നാലെയെത്തി കഴുത്തിൽ കുരുക്കിട്ടു കൊലപ്പെടുത്തുകയായിരുന്നു.
Also Read: ഉയരമേറിയ രതി സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും, അടുത്തയാള്‍ മാല മുറിക്കും; ഈ മുഖം മറക്കേണ്ട
ജൂണ്‍ 11നാണ് അനന്തരാമനുമായുള്ള വിദ്യാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ആനന്ദും വിദ്യയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയമായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവറായ ആനന്ദുമായുള്ള ബന്ധം വിദ്യയുടെ വീട്ടുകാർ അംഗീകരിച്ചില്ല. കല്യാണാലോചനകൾ മുറുകിയപ്പോൾ ഒളിച്ചോടാൻ ആലോചിച്ചിരുന്നെങ്കിലും അമ്മ രോഗിയായതിനാൽ വിദ്യ സമ്മതിച്ചില്ല. അനന്തരാമനുമായുള്ള വിവാഹം നടന്നതോടെ ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ഒരുമിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
കേസില്‍ അനന്തരാമന്റെ ഭാര്യ വിദ്യാലക്ഷ്മിയുടെ കാമുകൻ ആനന്ദ് ആണ് ഒന്നാംപ്രതി. ആനന്ദിന്റെ സുഹൃത്ത് അൻപുരാജ് രണ്ടാംപ്രതിയും വിദ്യാലക്ഷ്മി മൂന്നാംപ്രതിയുമാണ്. വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും സുഹൃത്ത് അൻപുരാജിനു ജീവപര്യന്തം തടവുമാണ് തൊടുപുഴ കോടതി ശിക്ഷ വിധിച്ചിരുന്നത്.