കേരളത്തെ ഗള്‍ഫു പോലെ തൊഴിലിടമായി കാണുന്ന തിരുട്ടുറാണിയാണ് പൊള്ളാച്ചിക്കാരി രതി. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് തൊഴില്‍. ശ്രീലങ്കന്‍ തമിഴ് വംശജ. പാലക്കാട് ചിറ്റൂരിലാണ് താമസം. പൊള്ളാച്ചിയില്‍ നിന്ന് മോഷണത്തിനുള്ള സംഘത്തേയും നയിച്ചാണ് കേരളത്തിലേക്കുള്ള വരവ്. കണ്ടാല്‍ ആരും മോശം പറയാത്ത വേഷവും മേക്കപ്പും. തിരക്കേറിയ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം. സിസിടിവികള്‍ നിരീക്ഷിച്ച് മുഖം പതിയാതെ മറയാന്‍ പ്രത്യേക പരിശീലനം.
പൊലീസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കെട്ടുക' എന്ന മോഷണ രീതിയിലാണ് തിരക്കേറിയ സ്ഥലങ്ങളിലെ മോഷണം. സംഘത്തിലെ ഉയരമേറിയ രതി സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാള്‍ മാല മുറിക്കും.അടുത്തയാളിന് കൈമാറും അങ്ങനെ മൂന്നുപേരുടെ സംഘമാണ് മിക്കയിടത്തേയും കവര്‍ച്ചക്കാര്‍.കേരളത്തിലെ തിരക്കേറിയ ഉല്‍സവങ്ങളിലും ആരാധനാലയങ്ങളിലും രതിയും സംഘവും എത്തിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മോഷണം നടത്തിയ രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ ഒന്നാംതീയതി പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഘത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇവിടെയും നായിക രതിയെന്ന് കണ്ടെത്തിയത്.അനു,മധു,രതി എന്നിങ്ങനെ പലപേരുകളില്‍ പരിചയപ്പെടുത്തും.കണ്ണൂര്‍,ഏറ്റൂമാനൂര്,തിരുവനന്തപുരം തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ നൂറോളം കേസുകള്‍.അറസ്റ്റിലായാല്‍ പുറത്തിറക്കാന്‍ സ്വന്തം വക്കീല്‍.
നിലവില്‍ വഞ്ചിയൂരിലെ കേസില്‍ റിമാന്‍ഡില്‍. വൈകാതെ മലയാലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കും.അധികം വൈകാതെ ജാമ്യത്തിലിറങ്ങും.പിന്നെ തിരക്കേറിയ ഉല്‍സവ ഇടങ്ങളില്‍ രതിയുണ്ടാവും. ഈ മുഖം ഓര്‍ത്തിരുന്നാല്‍ ഒരു മോഷണത്തില്‍ നിന്ന് രക്ഷപെടാം.