മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയത് ഭാര്യയാണെന്ന സൂചന പൊലീസിനു നല്‍കിയത് താലിമാല. ഇന്‍ഡോര്‍ സ്വദേശികളായ യുവദമ്പതികള്‍ താമസിച്ച ഹോംസ്റ്റേയിലെ മുറി പരിശോധിച്ച പൊലീസിനു ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാജയുടെ ഭാര്യ സോനം രഘുവംശി തന്റെ താലിമാലയും വിവാഹമോതിരവും ഹോംസ്റ്റേയില്‍ ഉപേക്ഷിച്ചാണ് പോയത്. ദിവസങ്ങള്‍ക്കുമുന്‍പ് മാത്രം വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ തന്റെ താലിമാല ഉപേക്ഷിക്കുമെന്ന് പൊലീസിനു തോന്നിയ സംശയമാണ് സോനത്തിന്റെ കൈവിലങ്ങിലേക്ക് അന്വേഷണത്തിനു ദിശ നല്‍കിയത്. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡിഎന്‍ആര്‍ മരക് എന്‍ഡിടിവിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.
സോനവും കാമുകന്‍ രാജ് കുശ്‌വാഹയും ഏര്‍പ്പാടാക്കിയ മൂന്ന് വാടകക്കൊലയാളികളാണ് രാജ രഘുവംശിയുടെ ജീവനെടുത്തത്. പ്രതികള്‍ പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. സോനം രഘുവംശിയെയും മറ്റ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്‌ച ഷില്ലോങിലെ കോടതിയാണ് എട്ടു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിലേക്ക് അയച്ചത്. പ്രതികള്‍ക്കായി 10 ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സോനം രഘുവംശി, ആകാശ് രജ്‌പുത്, വിശാല്‍ സിംഗ് ചൗഹാന്‍, രാജ് സിംഗ് കുശ്വാഹ, ആനന്ദ് എന്നിവരാണ് പ്രതികള്‍.
മേയ് 23നായിരുന്നു സംഭവം. നോണ്‍ഗ്രിയാത് വില്ലേജില്‍ മറ്റൊരു ഹോംസ്റ്റേയിലാണ് പ്രതികള്‍ രാജ രഘുവംശിയെ കൊലപ്പെടുത്താനായി കാത്തിരുന്നത്. കുറച്ചുനല്ല ഫോട്ടോസ് എടുക്കാമെന്ന് പറഞ്ഞാണ് ഹണിമൂണിനെത്തിയ സോനം രാജയെ ഹോംസ്റ്റേയുടെ പുറത്തേക്ക് കൊണ്ടുപോയത്. ആളില്ലാത്ത മേഖലയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇരുവരും ചിത്രങ്ങളെടുക്കാനായി ഇറങ്ങി. സോനം അല്‍പം മുന്‍പേ നടന്നു, ഈ സമയത്താണ് രണ്ടു സ്കൂട്ടറുകളിലായെത്തിയ ക്വട്ടേഷന്‍ സംഘം രാജ രഘുവംശിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഒരു സ്കൂട്ടറിന്റെ പുറകില്‍ സോനവും കയറിയിരുന്ന ശേഷം രാജയുെട മൃതദേഹം കൊണ്ടുപോയി കൊക്കയിലേക്ക് എറിയുകയായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റെ ബൈക്കിനു പുറകില്‍ മുടിയൊക്കെ ചീകിയൊതുക്കി കയറയിരിക്കുന്ന സോനത്തിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
12ാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സോനത്തിന്റെ കാമുകന്‍ 20കാരനായ രാജ് കുശ്‌വാഹ സോനത്തിന്റെ പിതാവിന്റെ ഫര്‍ണിച്ചര്‍ കടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു . സോനത്തിന്റെ കുടുംബത്തിനു മകളുടെ പ്രണയബന്ധം അറിയാമായിരുന്നിരിക്കണമെന്ന് രാജ രഘുവംശിയുടെ അമ്മ പറയുന്നു. മെയ് 11 ന് വിവാഹം കഴിഞ്ഞ സോനം–രാജ ദമ്പതികളെ 23മുതലാണ് കാണാതായത്. ജൂണ്‍ രണ്ടിനാണ് രാജയുടെ മൃതദേഹം ഹോംസ്റ്റേയില്‍ നിന്നും 20കിമീ മാറി കണ്ടെത്തിയത്.