പത്തുപേരെ വിവാഹം കഴിച്ചു. പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് ഉദയംപേരൂരിലെ വിവാഹതട്ടിപ്പുകാരി രേഷ്മ പിടിയിലായത്. 2014ല്‍ തുടങ്ങിയ രേഷ്മയുടെ തട്ടിപ്പുകഥകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. എന്തൊരു തട്ടിപ്പുകാരി എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ബെല്ല ഗണ്ണസിന്‍റെ കഥ കേട്ടാല്‍ തലയില്‍ കൈവച്ചു പോകും. പത്തല്ല ഇരുപതല്ല നാല്‍പതോളം പങ്കാളികളെയാണ് ബെല്ല കൊന്നുതള്ളിയത്.
1981ല്‍ നോര്‍വേയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബെല്ലയുടെ മനസില്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. വിദ്യാസമ്പന്നയായ യുവതി. ആരെയും കീഴ്പെടുത്തുന്ന കുശാഗ്രബുദ്ധിയും സൗന്ദര്യവും . അതെല്ലാമായിരുന്നു ബെല്ല. ആകെ കുറവുണ്ടായിരുന്നത് പണത്തിന് മാത്രം . കടുത്ത സാമ്പത്തിക പരാധീനതയില്‍ വീര്‍പ്പുമുട്ടിയിരുന്ന ബെല്ല സ്വയം ഒരു തീരുമാനമെടുത്തു . ജീവിതം ഇങ്ങനെ പോയാല്‍ പോരെന്ന് . പണവും സ്വത്തും സമ്പാദിക്കണം. സുഖിച്ച് ജീവിക്കണം, അതിന് എന്ത് വൃത്തികെട്ട കളിയും കളിക്കാം, അറപ്പ് വേണ്ട മടി വേണ്ട. ബെല്ല ഉറപ്പിച്ചു. അങ്ങനെ 1884ല്‍ ബെല്ല അരയും തലയും മുറുക്കി ഇറങ്ങി.
സമ്പന്നനായ ഒരു ഷിക്കാഗോ സ്വദേശിയെ വിവാഹം കഴിച്ചായിരുന്നു ബെല്ലയുടെ തുടക്കം. ബിസിനസുകാരനായ ഭര്‍ത്താവിനോട് ബെല്ല ഒരാശയം പറഞ്ഞു. ഷിക്കാഗോയില്‍ ഒരു കട തുടങ്ങണം. ഒരു മിഠായി കട. ഇതുവരെ ആരും കാണാത്ത കട ഒരു ഗ്രാന്‍റ് കട. അന്ന് യുഎസില്‍ കുടിയേറ്റക്കാലമായിരുന്നു. കടല്‍ കടന്നെത്തുന്ന യൂറോപ്യന്‍മാര്‍ക്ക് ഒരോരുത്തര്‍ക്കും അരഡസനെങ്കിലും കുട്ടികളുണ്ടായിരുന്നു. കുട്ടികളായിരുന്നു അന്ന് യുഎസിന്‍റെ ജനസംഖ്യയില്‍ വലിയൊരു ശതമാനവും. ഇത് മുതലാക്കണം. ഇതിന് മികച്ച കച്ചവടം മിഠായി തന്നെയെന്ന ബെല്ല ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബെല്ലയുടെ ആശയം ഭര്‍ത്താവിന് മികച്ചതായി തോന്നി. പാരമ്പര്യമായി ലഭിച്ച തന്‍റെ വലിയ സമ്പാദ്യത്തിന്‍റെ സിംഹഭാഗവും അയാള്‍ ആ മിഠായിക്കടയ്ക്കായി ചെലവഴിച്ചു.
കൊട്ടിഘോഷിച്ച് തുടങ്ങിയ കട എട്ടുനിലയില്‍ പൊട്ടി. കടല്‍ കടന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് അരഡസന്‍ കുട്ടികള്‍ മാത്രമല്ല മുഴുപ്പട്ടിണിയും ദാരിദ്ര്യവും കൂട്ടിനുണ്ടായിരുന്നു. മിഠായി പോയിട്ട് ഒരു ദിവസത്തെ ഭക്ഷണം കുഞ്ഞുങ്ങള്‍ക്കായി സ്വപ്നം കണ്ട ആ രക്ഷിതാക്കള്‍ മിഠായി കട കണ്ടില്ല. കുട്ടികളെ അത് കാണിച്ചുമില്ല. ബെല്ലയുടെ ഐഡിയ പഞ്ഞിമിഠായി വെള്ളത്തില്‍ വീണപോലെ അലിഞ്ഞുപോയി.
കടയുടെ പരാജയം ബെല്ലയുടെ മേല്‍ ചാര്‍ത്തുകയല്ലാതെ ഭര്‍ത്താവിന് മറ്റ് കാര്യങ്ങള്‍ ചെയ്യാനില്ലായിരുന്നു. ബെല്ല നിരാശയായി. എന്നാല്‍ അവള്‍ പ്രതീക്ഷ കൈവിട്ടില്ല. പക്ഷെ ബെല്ലയ്ക്കായി കാലം കാത്തുവച്ചത് തിന്‍മയുടെ വഴിയായിരുന്നു. ഒരു സുപ്രഭാതത്തില്‍ മിഠായിക്കടയ്ക്ക് തീപിടിച്ചു. കട കത്തിനശിച്ചു. മിഠായികളിലെ പഞ്ചസാര കരിഞ്ഞ മണം ഷിക്കാഗോ തെരുവിലെ കുട്ടികളെ മത്തുപിടിപ്പിച്ചു. നിരാശയില്‍ നിന്ന് നിരാശയിലേക്ക് പോയ ദമ്പതികള്‍ക്ക് പക്ഷെ പിന്നീട് നല്ലകാലമായിരുന്നു. കട ബെല്ലയുടെ ഭര്‍ത്താവ് ഇന്‍ഷൂര്‍ ചെയ്തിരുന്നു. നഷ്ടമായതിലധികം തുക ലഭിച്ചു. ഭര്‍ത്താവിന്‍റെ ദേഷ്യമൊഴിഞ്ഞു. അന്നാണ് ബെല്ല ഇന്‍ഷൂറന്‍സ് എന്ന സംഭവത്തെക്കുറിച്ച് അറിയുന്നത്. നഷ്ടം വഴി ലാഭമുണ്ടാക്കാവുന്ന ഒരു നല്ല ബിസിനസ് രീതിയായാണ് ബെല്ലയ്ക്ക് അത് തോന്നിയത്.
അങ്ങിനെയിരിക്കെ ബെല്ലയുടെ ഭര്‍ത്താവിന് പൊടുന്നനെ ഹൃദയസ്തംഭനം വരുന്നു അയാള്‍ മരിക്കുന്നു. ഇതിനിടെ ദമ്പതികള്‍ക്ക് നാല് മക്കള്‍ പിറന്നിരുന്നു ഇതില്‍ രണ്ട് കുട്ടികള്‍ പ്രസവത്തില്‍ മരിച്ചു. ഈ മരണങ്ങളെല്ലാം ചേര്‍ത്ത് ബെല്ലയ്ക്ക് വലിയൊരു തുക തന്നെ ഇന്‍ഷൂരന്‍സ് ലഭിച്ചു. കിട്ടിയ തുകയെല്ലാം കൂട്ടിപ്പെറുക്കി ബെല്ല നാടുവിട്ടു. ദൂരെ ഇന്ത്യാനയിലേക്ക്. അവിടെ ബെല്ല ഒരു ഫാം വാങ്ങി. ബെല്ല വീണ്ടും വിവാഹിതയായി. ഇത്തവണ വിവാഹം കഴിച്ചത് ധനികനായ ഒരു വിഭാര്യനെയായിരുന്നു. ഇയാള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു. എന്നാല്‍ ബെല്ല സെറ്റിലാവാന്‍ തയ്യാറായിരുന്നില്ല എന്ന് കാലം തെളിയിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ ഫാമിലുണ്ടായ തീപിടുത്തത്തില്‍ പുതിയ ഭര്‍ത്താവും രണ്ട് മക്കളും വെന്തുമരിച്ചു. ഈ ഇനത്തിലും ബെല്ലയ്ക്ക് ഇന്‍ഷൂറന്‍സ് തുക ലഭിച്ചു. ബെല്ലയുടെ കൊലപാതക പരമ്പര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. സമ്പന്നയായ യുവതി ഭര്‍ത്താവാകാന്‍ അനുയോജ്യരായവരെ തിരയുന്നു എന്ന് ബെല്ല പത്രത്തില്‍ പരസ്യം നല്‍കി. നിരവധി പേര്‍ സമ്മാനങ്ങളുമായി ബെല്ലയെ കാണാന്‍ വന്നു. ആരും മടങ്ങിയില്ല. ആളുകള്‍ക്ക് ബെല്ലയില്‍ സംശയമുണരാന്‍ തുടങ്ങിയത് ബെല്ലയുടെ പുതിയ കാമുകനെ കാണാതായതോടെയാണ്.
ഗ്രാമത്തിലെ പ്രാന്തപ്രദേശത്തുള്ള ബെല്ലയുടെ ഫാമില്‍ യുവാവിനെ തിരഞ്ഞെത്തിയ സഹോദരന്‍ കണ്ടത് പുതുതായി കത്തിക്കരിഞ്ഞ ബെല്ലയുടെ ഫാമാണ്. കത്തിക്കരിഞ്ഞ ഫാമിനകത്ത് കടന്ന യുവാവ് കണ്ടത് കത്തിക്കരിഞ്ഞ നാല് അസ്ഥികൂടങ്ങളാണ്. മൂന്ന് പെണ്‍കുഞ്ഞുങ്ങളുടെയും തല അറുത്ത നിലയില്‍ ഒരു സ്ത്രീയുടെയും. ഭയന്ന യുവാവ് പൊലീസിനെ വിളിച്ചു. പൊലീസെത്തി അന്വേഷണം നടത്തി. ബെല്ലയുടെ ഫാം പരിശോധിച്ച പൊലീസിന് പ്രദേശത്ത് നിന്നും 40 പുരുഷന്‍മാരുടെ മൃതശരീരങ്ങളാണ് കണ്ടെത്താനായത്. ഇത് കൂടാതെ ഒട്ടേറെ കുട്ടികളുടെ മൃതശരീരങ്ങളും ലഭിച്ചു. ഫാമില്‍ കണ്ട തലയറുത്ത നിലയിലുള്ള സ്ത്രീയുടെ മൃതദേഹം ബെല്ലയുടേതാണെന്ന് ആദ്യം സന്ദേഹം ഉയര്‍ന്നിരുന്നു. പക്ഷേ ഫാമില്‍ നിന്ന് പൊലീസ് പിടികൂടിയ ബെല്ലയുടെ ജോലിക്കാരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. സംശയത്തിന്‍റെ നിഴലിലായതിന് പിന്നാലെ ബെല്ല അവിടെ നിന്ന് കടന്നെന്നായിരുന്നു ജോലിക്കാരന്‍റെ വെളിപ്പെടുത്തല്‍. എന്തായാലും അതിനുശേഷം അവരെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. ലോകചരിത്രത്തിലെ ഏറ്റവും ഭീകരിയായ കുറ്റവാളി ഒരവശേഷിപ്പും ബാക്കിവയ്ക്കാതെ രക്ഷപ്പെട്ടു എന്നാണ് അവരെ അറിയുന്നവര്‍ ഇപ്പോഴും കരുതുന്നത്.
ബെല്ലയുടെ കഥ ലോകമറിഞ്ഞ കഥകളില്‍ ഒന്ന് മാത്രം. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇത് കെട്ടുകഥയാണെന്ന് വാര്‍ത്തകള്‍ പടര്‍ന്നു. പക്ഷെ ബെല്ല ഗണ്ണസ് എന്ന ധനികയായ യുവതി അനുയോജ്യനായ ഭര്‍ത്താവിനെ അന്വേഷിച്ച പത്രക്കുറിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു.