AI GENERATED IMAGE
60കാരൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്ത്രീകളെല്ലാം ഒരുമിച്ചു ചേർന്ന് പ്രതിയെ കൊന്ന് കത്തിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അറുപതുകാരന്റെ കൊലപാതകത്തിൽ, 8 സ്ത്രീകൾ ഉൾപ്പടെ പത്തുപേരാണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി 52 വയസുള്ള വിധവയെ ഈ 60കാരൻ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് കൊലപാതക കേസിൽ അറസ്റ്റിലായ സ്ത്രീകൾ പറയുന്നത്.
വയോധികൻ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെല്ലാവരും കൂടി, അവസാനം പീഡിപ്പിക്കപ്പെട്ട വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവരെ സഹായിക്കാൻ മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പഞ്ചായത്തംഗവുമുണ്ട്.
കൊലപാതകം ആസൂത്രണം ചെയ്ത ശേഷം, പീഡനത്തിനിരയായ സ്ത്രീകൾ ഒരുമിച്ച് വയോധികന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ആ സമയം അയാൾ നല്ല ഉറക്കത്തിലായിരുന്നു. 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ വയോധികനെ കൊലപ്പെടുത്തിയ ശേഷം, തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയായിരുന്നു.
തങ്ങളെല്ലാം നിരന്തരം ലെെംഗികാതിക്രമം നേരിട്ടവരാണന്നും, ഇത് അവസാനിപ്പിക്കാനാണ് കൊലപാതകമെന്നും പ്രതികൾ മൊഴി നൽകി. വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയതും സ്ത്രീകളെ അറസ്റ്റ് ചെയ്തതും.