പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അദ്ധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, പട്ടികജാതി പട്ടിക വർഗ കമ്മിഷനും ഉൾപ്പടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പ്ലസ്ടു വിദ്യാർത്ഥിനിക്ക് സ്കൂളിലെ ഒരു അധ്യാപകനുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു അധ്യാപികയുടെ ആരോപണം. ഹിന്ദി അധ്യാപിക നടത്തിയ അപവാദ പ്രചാരണത്തിൽ മനംനൊന്ത് പഠനം നിർത്തുകയാണെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സ്കൂളിൽ അധ്യാപകർ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാണെന്നും കുട്ടികളെ അതിന് ഇരകളാക്കുകയാണെന്നുമാണ് രക്ഷിതാക്കളുടെ ആക്ഷേപം.
ഒപ്പം ജോലി ചെയ്യുന്ന അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിൻറെ പേരിലാണ് ഹിന്ദി അധ്യാപിക ചന്ദ്രലേഖ പെൺകുട്ടിയെ ഇരയാക്കിയതെന്നും, എല്ലാം വ്യാജ ആരോപണമാണെന്നും കുടുംബം വ്യക്തമാക്കുന്നു. 2025 ജനുവരി മാസത്തിൽ ഹയർസെക്കൻഡറി ക്ലാസിലെ ഹാജർ ബുക്ക് കാണാതെ പോയി. സിസിടിവി പരിശോധിച്ച് സ്കൂളിലെ ലാബ് അസിസ്റ്റന്റ് സജീവിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു.
ഹാജർ ബുക്ക് വിഷയത്തിൽ ഇപ്പോൾ ആരോപണ വിധേയനായ അധ്യാപകനെതിരെ ചന്ദ്രലേഖ പൊലീസിൽ പരാതി നൽകിയിരുന്നു. കിളിമാനൂർ പൊലീസ് ഈ അന്വേഷണം തുടരുന്നതിനിടെയാണ് ചന്ദ്രലേഖ അധ്യാപകനെയും കുട്ടിയെയും ചേർത്ത് വ്യാജ ആരോപണം ഉന്നയിച്ചത്.