ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും കൂട്ടരും ചേര്‍ന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു . എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ (26), ഭാര്യ അനാമിക (25), നിധിന്റെ കൂട്ടുകാരനായ പാണാവള്ളി പൂച്ചാക്കൽ കണിയാംവെളിവീട്ടിൽ സുനിൽ കുമാർ (49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചാണ് തൈക്കട്ടുശേരി സ്വദേശിയായ യുവാവ് അനാമികയുമായി പരിചയത്തിലാകുന്നത് . തുടര്‍ന്ന് ഇരുവരും ഫോണ്‍വഴി കൂടുതല്‍ അടുത്തു . കഴിഞ്ഞദിവസം രാത്രി അനാമിക തന്നെയാണ് പ്രണയം നടിച്ച് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപത്തേക്ക് യുവാവിനെ വിളിച്ചുവരുത്തിയത്.
അവിടെയെത്തിയപ്പോള്‍ അനാമികയ്ക്കൊപ്പം നിധിനും സുനില്‍കുമാറുമുണ്ടായിരുന്നു . ഇവരെല്ലാം ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി ഒന്നരപവന്‍റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങുകയായിരുന്നു.
കഴിഞ്ഞ 17–ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ച് സാധനങ്ങള്‍ പിടിച്ചുവാങ്ങിയ ശേഷം പ്രതികള്‍ കടന്നു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചേർത്തലയിലെ ഒരു ജൂവലറിയിൽ സ്വർണ്ണമാല വിറ്റെന്ന് പ്രതികൾ സമ്മതിച്ചു. 3 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുത്തിയതോട് സി.ഐ അജയ് മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.