കളിയിക്കാവിളയിൽ മദ്യപനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെയും കാമുകനെയും പ്രത്യേക അന്വേഷണ സംഘം പിടികൂടി. 8 വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകക്കേസിലാണ് പ്രതികൾ ഇപ്പോൾ പിടിയിലായത്. തെങ്ങംപുത്തൂർ സ്വദേശിയായ ഷീജയും (21), കാമുകൻ കുളപുറം സ്വദേശിയായ എഴിലും (35) ചേർന്നാണ് മടിച്ചൽ നുള്ളിക്കാട്‌വിള സ്വദേശി ശിവകുമാറിനെ (35) കൊന്ന് കെട്ടിത്തൂക്കിയത്.
ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തലയിണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഇവർ ശിവകുമാറിനെ വീട്ടിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
ശിവകുമാർ - ഷീജ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ശിവകുമാർ സ്ഥിരം മദ്യപാനിയായിരുന്നു. എന്നും കുടിച്ചുകൊണ്ട് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെയാണ് ഭർത്താവിനെ കൊന്നു കളയാൻ ഭാര്യ തീരുമാനിച്ചതും കാമുകന്റെ സഹായം തേടിയതും. 2017 ഒക്ടോബർ 14നായിരുന്നു കൊലപാതകം.
ഷീജ ഫോൺ വഴിയാണ് വിദേശത്ത് ജോലി ചെയ്തിരുന്ന എഴിലിനുമായി സൗഹൃദത്തിലായത്. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. കൊല്ലപ്പെട്ട രാത്രിയിലും ശിവകുമാർ മദ്യപിച്ചാണ് വീട്ടിലെത്തിയത്. ശേഷം പതിവുപോലെ ഷീജയുമായി വഴക്കിട്ടു. എല്ലാം സഹിച്ച ഷീജ രാത്രിയിൽ തന്നെ എഴിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇരുവരും ചേർന്ന് ശിവകുമാറിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. അതിന് ശേഷമാണ് തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊന്നത്. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി. ശിവകുമാറിന്റെ അമ്മയാണ് മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കളിയിക്കാവിള പൊലീസിന് പരാതി നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.