കൊച്ചിയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനികളാണ് ഒഡിഷക്കാരായ ട്യൂണ നായികും ഗഗനും. തൊഴിലിനായി കൊച്ചിയിൽ വന്ന ലഹരി വിതരണക്കാരായി മാറിയ വിരുതന്മാർ. മാസാമാസവും മൂന്നും നാലും തവണ കഞ്ചാവുമായി കൊച്ചിയിലെത്തും. ട്രെയിൻ മാർഗമാണ് യാത്രകളെല്ലാം. എന്നാൽ മൂന്ന് മാസമായി ലഹരിക്കടത്തുകാർക്ക് അത്ര നല്ലകാലമല്ല. കൊച്ചിയിൽ ലഹരിയിടപാടുകാരെ പിടികൂടാൻ എക്സൈസും പൊലീസും രാത്രിയിൽ പോലും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എങ്ങനെയൊക്കെ ഒളിച്ചും പാത്തും വന്നാലും പിടിവീഴും. ഇതോടെയാണ് പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ 'വാനിഷിങ് മോഡ്' എന്ന തന്ത്രം പയറ്റാൻ ഒഡീഷക്കരായ ലഹരിക്കടത്തുക്കാർ തീരുമാനിച്ചത്.
‘പരീക്ഷണ കാലം’
സഞ്ചാരപാത ട്രാക്ക് ചെയ്താണ് ലഹരിക്കടത്തുക്കാരെ പൊലീസും എക്സൈസും പൂട്ടുന്നത്. മൊബൈൽ കയ്യിൽ കരുതാതെ ഇടപാട് നടത്താനുമാകില്ല. അപ്പോൾ പിന്നെ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കി, പറ്റിച്ച് ലഹരി കൈമാറുകയാണ് ഏക വഴി. പതിവ് രീതികൾ മാറ്റി പുതിയത് പരീക്ഷിച്ചും അവർ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഒഡീഷയിൽ നിന്നാണ് കേരളത്തിലേക്കുള്ള ഏറിയ പങ്ക് കഞ്ചാവും എത്തുന്നത്.
വാനിഷിങ് മോഡ്
ട്യൂണ നായികും ഗഗനും കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിക്കാൻ കണ്ടെത്തിയ മാർഗമാണ് വാനിഷിങ് മോഡ്. നേരത്തെ പലരും പയറ്റിയ തന്ത്രം പൊടിതട്ടിയെടുത്ത് പരിഷ്കരിച്ച രൂപം. ഒഡീഷിയിൽ നിന്ന് ശേഖരിച്ച കഞ്ചവുമായി പതിവുപോലെ കൊച്ചിയിലേക്കുള്ള ട്രെയിനിൽ ഇരുവരും കയറുന്നു. സാധാരണ ആലുവയിലോ അങ്കമാലിയിലോ എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലോ ഇറങ്ങുകയാണ് പതിവ്. എന്നാൽ ഇരുവരും ആന്ധ്രയിലെ ഒരു സ്റ്റേഷനിൽ ഇറങ്ങി. അവിടെ മൂന്ന് നാല് മണിക്കൂർ കാത്തിരിപ്പ്. ശേഷം കേരളത്തിലേക്കുള്ള അടുത്ത ട്രെയിൻ പിടിച്ചു.
ആ ട്രെയിനിലും സംഘം കേരളത്തിൽ എത്തിയില്ല. പകരം തമിഴ്നാട്ടിലെ ഒരു സ്റ്റേഷനിൽ ഇറങ്ങി. മണിക്കൂറുകൾ അവിടെയും ചെലവഴിച്ച ശേഷം പിന്നെ യാത്ര ബസിൽ. ഈ സ്ഥലങ്ങളെല്ലാം ബാഗിൽ കഞ്ചാവുമായെത്തിയ ഇരുവരെയും പേരിനു പോലും ആരും പരിശോധിച്ചില്ല. തമിഴ്നാട്ടിൽ നിന്ന് പുറപ്പെട്ട ബസിൽ കയറിയ ഒഡിഷക്കാർ കൊച്ചിയിലെത്തും മുമ്പ് വീണ്ടും വഴിയിൽ ഇറങ്ങി. അവിടെ നിന്ന് മറ്റൊരു ബസിൽ കൊച്ചിയിലേക്ക്. ഓരോ പോയിന്റിൽ നിന്നും മിന്നിമറിയുന്നതോടെ തലപുകഞ്ഞ് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കഞ്ചാവ് കൈമാറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.
കളി ഡാൻസഫിനോട്
അവർ മനസ്സിൽ കണ്ടപ്പോൾ കൊച്ചിയിലെ ഡാൻസാഫ് സംഘം അത് മാനത്ത് കണ്ടു. ഒഡിഷയിൽ ലഹരിസംഘംഗങ്ങൾ മൂന്ന് മാസത്തിലേറെയായി ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വില്പന ഉപജീവനമാർഗമാക്കിയ ഇരുവരും കൊച്ചിയിൽ എത്തുമെന്ന ഡാൻസാഫിന് ഉറപ്പായിരുന്നു. ഇവരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സൈബർ സെല്ലിന്‍റെ സഹായവും തേടി. അശ്രാന്തപരിശ്രമത്തിന്‍റെ ഫലമാണ് ഇരുവരുടെയും അറസ്റ്റ്. എല്ലാരുടെയും കണ്ണുവെട്ടിച്ചെന്ന് ആത്മവിശ്വാസത്തിലാണ് ട്യൂണയും ഗഗനും പാലാരിവട്ടത്ത് ബസ് ഇറങ്ങിയത്. അവിടെ ഡാൻസാഫ് സംഘം അവർക്കുള്ള വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. വന്നിറങ്ങിയതിന് പിന്നാലെ ഇരുവരെയും എട്ട് കിലോ കഞ്ചാവുമായി ഡാൻസാഫ് സംഘം പൊക്കി. 'യേ കൈസേ?' എന്ന ചോദിച്ച ഒഡിഷക്കാരോട് ഡാൻസാഫ് സംഘത്തിന്റെ മറുപടി 'ഹം ഹെ കേരള പൊലീസ്’