ഇക്കിളിപ്പെടുത്തുന്ന കണ്ടന്‍റുകളിട്ട് ഫോളോവേഴ്സിനെ കൂട്ടിയ 'XXXX സ്വര്‍ഗം' ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ ഉടമയെ കൊച്ചി സൈബര്‍ പൊലീസ് പൊക്കി അകത്തിട്ടു. പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് സ്വര്‍ഗം പൂട്ടി പൊലീസ് ജയിലിലാക്കിയത്. പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസിന് മുന്നില്‍ പരാതിയുമായെത്തി. ഇതോടെ സ്വര്‍ഗത്തിന്‍റെ ഉടമയുടെ തലവര തെളിഞ്ഞു.
'റിപ്പോര്‍ട്ട് ചെയ്യരുത്, അണ്‍ഫോളോ ചെയ്യുക' ; ഇത് റിക്വസ്റ്റാണേ!
ഇഷ്ടപ്പെട്ടില്ലെങ്കില്‍ 'റിപ്പോര്‍ട്ട് ചെയ്യരുത്, അണ്‍ഫോളോ ചെയ്യുക' എന്ന സന്ദേശം കൂടി എഴുതിയിട്ടാണ് അശ്ലീല അക്കൗണ്ട് ശരത് ഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നുവെച്ചത്. പറവൂരിലെ കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി പഠനത്തിനൊപ്പമായിരുന്നു ഈ കുത്സിത പ്രവൃത്തി. സമൂഹമമാധ്യമങ്ങളില്‍ നിന്ന് നടിയുടെ ചിത്രങ്ങളും വീഡിയോയും ഡൗണ്‍ലോഡ് ചെയതെടുത്ത ശേഷമാണ് മോര്‍ഫിങ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇക്കിളിപ്പെടുത്തുന്ന വാക്കുകള്‍ കൂടി ചേര്‍ത്ത് പോസ്റ്റ് ചെയ്യും. ലൈക്കും ഷെയറും കൂടി കൂടിവന്നതോടെ ശരത്തിന് ആവേശമായി.
മൊബൈല്‍ ട്രാപ്പ്
ജനുവരിയില്‍ നടി കൊച്ചി സിറ്റി സൈബര്‍ പൊലീസിന് മുന്നിലെത്തി. പരാതി നല്‍കി. അക്കൗണ്ടിന്‍റെ വിവരങ്ങള്‍ കൈമാറി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ 'XXXX സ്വര്‍ഗം' തിന്‍റെ പൂട്ട് പൊലീസ് തുറന്നു. വ്യാജ പേരിനും നടിയുടെ ചിത്രങ്ങളുടെയും മറവില്‍ ഒളിച്ചിരുന്ന അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി. സ്വന്തം മൊബൈലില്‍ തന്നെയാണ് മോര്‍ഫിങും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തിച്ചിരുന്നത്. ആ മൊബൈല്‍ തന്നെ ശരത്തിനെ കുടുക്കി. ശരത്തിന്‍റെ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് പറവൂര്‍ മനക്കപ്പടിയില്‍ നിന്ന് പൊക്കി. മൊബൈലും പിടിച്ചെടുത്തു.
'മുന്നറിയിപ്പ്–ജാഗ്രതൈ'
ഇന്‍സ്റ്റഗ്രാമില്‍ ഇക്കിളി കണ്ടന്‍റുകള്‍ പങ്കുവെയ്ക്കാന്‍ അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നവര്‍ക്കെല്ലാം ഒരു മുന്നറിയിപ്പ് കൂടിയാണ് ശരത് ഗോപാലിന്‍റെ അറസ്റ്റ്. ഇന്‍സ്റ്റഗ്രാം തുറന്നാല്‍ കാണാം 'സ്വര്‍ഗവും' നീലയും, വസന്തവുമൊക്കെ ചേര്‍ത്ത് പേരുകളുള്ള സമാന സ്വഭാവത്തിലുള്ള അക്കൗണ്ടുകള്‍. നാട്ടിന്‍പുറത്തെ വീട്ടമ്മമാര്‍ മുതല്‍ സിനിമ താരങ്ങളുടെ ചിത്രങ്ങളടക്കം മോര്‍ഫ് ചെയ്തും അല്ലാതെയും അശ്ലീല കമന്‍റുകളോടെ ഈ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഏത് മറപ്പറ്റി ഇരുന്നാലും ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും അവരെയെല്ലാം നിഷപ്രയാസം പൊക്കാവുന്ന സംവിധാനങ്ങള്‍ സൈബര്‍ പൊലീസിനുണ്ട്. അതുകൊണ്ട് ജാഗ്രതൈ. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഷമീർ ഖാൻ, എഎസ്ഐ ഗിരീഷ്, എസ് സിപിഒ അജിത് ബാലചന്ദ്രൻ, എസ് സിപിഒ ആര്‍. അരുൺ, സിപിഒ ആൽഫിറ്റ്, സിപിഒ ജിതിൻ ബാബു എന്നിവരുടെ നേത്രത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.