പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി തയ്യാറാക്കുന്ന വിഡിയോകൾ എഡിറ്റ് ചെയ്ത് പണം തട്ടുന്ന സംഘം സജീവമാകുന്നു. വ്യാജ ക്യു.ആർ കോഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയാണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയത്.
സന്നദ്ധ പ്രവർത്തകർ രോഗികൾക്കായി തയ്യാറാക്കുന്ന വിഡിയോകളിൽ യഥാർത്ഥ അക്കൗണ്ട് വിവരങ്ങൾക്ക് പകരം തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ ചേർത്താണ് പ്രചരിപ്പിക്കുന്നത്. വിഡിയോയിൽ കാണുന്ന ക്യു.ആർ കോഡുകൾ മാറ്റം വരുത്തി പണം മറ്റ് അക്കൗണ്ടിലേക്ക് തിരിച്ചുവിടുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പണം നൽകി വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് വ്യാജ വീഡിയോ വളരെ പെട്ടെന്ന് എത്തിച്ചേരുന്നു. സന്നദ്ധ പ്രവർത്തകൻ അമർഷാൻ ക്രൗഡ് ഫണ്ടിംഗിനായി പുറത്തിറക്കുന്ന വിഡിയോകൾ പലതവണ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിയുണ്ട്. ഏറ്റവും ഒടുവിലായി പടന്നയിലെ ഷംസുദ്ദീൻ ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി തയ്യാറാക്കിയ വിഡിയോ ദുരുപയോഗം ചെയ്തതിനെതിരെ ചന്തേര പൊലീസിൽ പരാതിയുണ്ട്.
തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അർഹരായ രോഗികൾക്ക് ലഭിക്കേണ്ട തുക ഇത്തരത്തിൽ അജ്ഞാതർ കൈക്കലാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ചികിത്സാ സഹായം നൽകുന്നവർ വിഡിയോയിലെ വിവരങ്ങൾ ആധികാരികമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പണം അയക്കണമെന്ന് സന്നദ്ധ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.