ഒരു പണിയുമില്ലാത്ത യുവാവിന് നിരന്തരം ബെംഗളൂരുയാത്ര. സംശയം തോന്നിയ പൊലീസ് പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് എം.ഡി.എം.എ. മുന്‍പ് പരിശോധനയ്ക്ക് ചെന്നപ്പോള്‍ പൊലീസിന് നേരെ പ്രതി പട്ടിയെ അഴിച്ചു വിട്ടിരുന്നു.
ആലപ്പുഴ ചാരുമ്മൂട്ടില്‍ നിന്നാണ്10 ഗ്രാം എംഡിഎംഎയുമായി പാലമേല്‍ സ്വദേശി ശ്യാം പിടിയിലായത്.മുന്‍പ് സംശയം തോന്നി പൊലീസ് പരിശോധനയ്ക്ക് വീട്ടില്‍ ചെന്നപ്പോള്‍ പ്രതി നായയെ അഴിച്ചു വിട്ടു. പരിശോധന നടത്തി ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് അമ്മ പൊലീസിനെതിരെ പരാതിയും കൊടുത്തു. എന്നിട്ടും പൊലീസ് വിട്ടില്ല. അഞ്ചാംതീയതി പ്രതി ബെംഗളൂരുവിലേക്ക് പോയതായി അറിഞ്ഞു.
മൊബൈല്‍ ഫോണ്‍ അടക്കം നിരീക്ഷിച്ച പൊലീസ് പ്രതി കായംകുളം റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത് മുതല്‍ പിന്തുടര്‍ന്നു. നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയായ ചാരുമ്മൂട്ടിലെത്തിയപ്പോള്‍ പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചാണ് എംഡിഎംഎ പിടികൂടിയത്.
നൂറനാട് മേഖലയില്‍ രാസ ലഹരി വില്‍പന നടത്തുന്നത് ശ്യാം ആയിരുന്നു. നൂറനാട് സി.ഐ.എസ്,ശ്രീകുമാറും സംഘവും ആണ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റില്‍ കൊച്ചിയില്‍ ലഹരി ഗുളികകളുമായി ശ്യാമും കൂട്ടാളിയായ ഗുണ്ട വിനു വിജയനും പിടിയിലായിരുന്നു.അന്നുമുതലേ ശ്യാം നിരീക്ഷണത്തില്‍ ആണ്.കൂട്ടാളി ഇപ്പോഴും ജയിലില്‍ ആണ്.