തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റുമായി SIT. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറാണ് ഇന്ന് പിടിയിലായത്. സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്തെന്ന ആരോപണം ശരിവെച്ച് വിദേശ വ്യവസായി എസ്.ഐ.ടിക്ക് മൊഴി നല്‍കി. അതിനിടെ സ്വര്‍ണക്കൊള്ളയില്‍ തന്‍റെ പങ്കിന് ചുണയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കാന്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചു. കോടതിയില്‍ തെളിവ് ഹാജരാക്കുമെന്ന് വി.ഡി.സതീശനും തിരിച്ചടിച്ചു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് ഇരുപത്തിയേഴാം ദിവസമാണ്. തിരഞ്ഞെടുപ്പ് ചൂടുപിടിച്ച് നിന്ന ദിവസങ്ങളില്‍ കടുത്ത നടപടിയിലേക്ക് കടക്കാതിരുന്ന അന്വേഷണസംഘം എല്ലാം കഴിഞ്ഞതോടെ വീണ്ടും അറസ്റ്റ് തുടങ്ങി. 2019 ല്‍ ദ്വാരപാലകശില്‍പ്പപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്ന സമയത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീകുമാറിനെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മറ്റെല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള സ്വര്‍ണത്തെ ചെമ്പാക്കി, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇദേഹത്തിനെതിരെയും. അതിനിടെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കച്ചവടമെന്ന് വെളിപ്പെടുത്തിയതായി രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായില്‍ നിന്ന് എസ്.ഐ.ടി വിവരങ്ങള്‍ തേടി. ആരോപണത്തില്‍ ഉറച്ച് നിന്ന മലയാളിയായ ദുബായിലെ വ്യവസായി നേരിട്ട് മൊഴി തരുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ കൈമാറാമെന്നും അറിയിച്ചു. അതിനിടെ കേസിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതി രേഖ കൈമാറണോയെന്ന് വിധി പറയും. അതേസമയം സ്വര്‍ണക്കൊള്ളയെ ചൊല്ലി നേതാക്കളുടെ വാഗ്വാദവും കടുത്തു. സ്വര്‍ണക്കൊള്ളയില്‍ തന്‍റെ പങ്കിന് തെളിവ് ചുണയുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പറഞ്ഞ വി.ഡി.സതീശന്‍ വെല്ലുവിളി ഏറ്റെടുത്തു.
വി.ഡി.സതീശന്‍റെ ആരോപണത്തിനെതിരെ കടകംപള്ളി നല്‍കിയ മാനനഷ്ടക്കേസ് നാളെയാണ് തിരുവനന്തപുരം കോടതി പരിഗണിക്കുന്നത്. ഇതോടെ നാളെ പ്രതിപക്ഷ നേതാവ് എന്ത് തെളിവ് ഹാജരാക്കുമെന്നത് ആകാംക്ഷയായി.