തിരുവനന്തപുരം ആറ്റിങ്ങല്‍ സബ് ജയിലില്‍ എംഡിഎംഎ കേസില്‍ അറസ്റ്റിലായ പ്രതികളുടെ അഴിഞ്ഞാട്ടം. റിമാന്‍ഡിലായി ജയിലിലെത്തിച്ച പ്രതികളാണ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
നിരോധിത ലഹരിമരുന്നായ 22 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ പള്ളിപ്പുറം സ്വദേശികളായ ഷഫീഖ്, സഹോദരന്‍ ഷമീര്‍, കണിയാപുരം സ്വദേശി രാഹുല്‍, മുസാഫിര്‍ എന്നിവരാണ് ജയിലില്‍ അക്രമം അഴിച്ചുവിട്ടത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തതതിന് പിന്നാലെ ജയിലില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ അക്രമം തുടങ്ങിയ പ്രതികള്‍ ജയില്‍ ജീവനക്കാരെ മര്‍ദിച്ചു.
തുടര്‍ന്ന് കമ്പ്യൂട്ടറും ഓഫീസ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. ഡാന്‍സാഫ് സംഘമാണ് നാലു പ്രതികളെയും പിടികൂടിയത്. പൊലീസിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ കേസിലും പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും. സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപയി ബന്ദിയാക്കി സ്വര്‍ണ്ണം കവര്‍ന്ന കേസിലും പ്രതികളാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ലഹരിക്കച്ചവടം നടത്തിവരികയായിരുന്നു.