file photo
സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്കിന് രണ്ട് മാസം കൊണ്ട് തടയിടണമെന്ന ലക്ഷ്യത്തോടെ കര്‍മപദ്ധതി രൂപീകരിച്ച് പൊലീസ്. 15 ഇന പദ്ധതിക്കാണ് തുടക്കംകുറിച്ചത്. ഹോട്ടലുകളിലെ ഡി.ജെ പാര്‍ട്ടികള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. നൈറ്റ് ലൈഫ് അനുവദിച്ചിരിക്കുന്ന കൊച്ചി മറൈന്‍ ഡ്രൈവ്, തിരുവനന്തപുരം മാനവീയംവീഥി എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കും.
ഡാര്‍ക് നെറ്റിലെ ലഹരികച്ചവടം കണ്ടെത്താന്‍ സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സൈബര്‍ പട്രോളിങ് നടത്തും. ലഹരിയുമായി പിടിയിലാകുന്നവര്‍ക്ക് തടവ് ശിക്ഷ കിട്ടുന്ന തരത്തില്‍ വിചാരണ നടപടികള്‍ കര്‍ശനമാക്കുകയാണ് മറ്റൊരു പ്രധാന പദ്ധതി. നാട്ടുകാരെയും വിദ്യാര്‍ഥികളെയും ലഹരി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാക്കാനും തീരുമാനമുണ്ട്. രണ്ടാഴ്ചയായി തുടരുന്ന ലഹരിവേട്ടയായ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പദ്ധതിക്ക് രൂപംനല്‍കിയത്.