തിരുവനന്തപുരം ചാലയിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നാഗാലാന്റ് സ്വദേശിയായ കൃഷ്ണ ലം (21) ആണ് പിടിയിലായത്. കട കുത്തിത്തുറന്ന് 7000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്.ആർ.ടി വെജിറ്റബിൾ മാർട്ടിന്റെ മുൻവശത്തെ തകര ഷീറ്റിളക്കി ഓഫീസ് റൂമിന്റെ ഗ്ലാസ് തകർത്താണ് പണം കവർന്നത്. ശനിയാഴ്ചയായിരുന്നു മോഷണം.
ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സി.സി ടിവി പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കാലിലെ നീളത്തിലുള്ള ടാറ്റുവും തിരിച്ചറിഞ്ഞിരുന്നു. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച രാത്രി സീനിയർ സി.പി.ഒമാരായ വിനോദ് കുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കിഴക്കേകോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ അമ്പലത്തറയിലുള്ള മിൽമ ബൂത്തിൽ സമാന രീതിയിൽ മോഷണം നടത്തി 33,000 രൂപ കവർന്നതായി കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.