പാലക്കാട്ടെ വീട്ടിൽ നിന്ന് സ്വർണം കവർന്ന വീട്ടുജോലിക്കാരനായ അസം സ്വദേശിയെ ബെംഗളുരുവിൽ വച്ച് പിടികൂടി. കവർച്ചയ്ക്ക് ശേഷം ബസ്സിൽ രക്ഷപെട്ട പ്രതിയെ പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് കെ എം.സി.സി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി തടഞ്ഞു വയ്ക്കുകയായിരുന്നു.
പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെ ജോലിക്കാരനായിരുന്നു അസം സ്വദേശിയായ റജുവാൻ. ശാരീരിക പരിമിതികളുള്ള രണ്ടു കുട്ടികളെ പരിചരിക്കുന്ന ജോലിയായിരുന്നു കഴിഞ്ഞ ആറുമാസമായി ഇയാൾക്ക്. വീട്ടിലെ അലമാരയിൽ സ്വർണാഭരണങ്ങൾ കണ്ട പ്രതി അവ കൈക്കലാക്കി രക്ഷപെട്ടു. ജോലിക്കാരനെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 7 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായത് വീട്ടുകാർ തിരിച്ചറിഞ്ഞത്. ഉടൻ സൗത്ത് പോലീസിൽ പരാതി നൽകി.
ടവർ ലൊക്കേഷൻ പരിശോധനയിൽ റജുവാന്‍റെ ഫോൺ ബെംഗളുരു മേജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്താണന്ന് തിരിച്ചറിഞ്ഞു. ആസ്സമിലേക്ക് രക്ഷപെടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് ബെംഗളൂരുവിലെ കെ.എം.സി സി പ്രവർത്തകരുടെ സഹായം തേടി. സംഘടനാ പ്രവർത്തകർ മേജസ്റ്റിക് റെയിൽവേ സ്റ്റേഷൻ അരിച്ചു പെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല. തുടർന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്ന എസ്.എം.ബി.ടി. റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് റജുവാനെ കണ്ടെത്തിയത്. റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇയാളെ തടഞ്ഞു വെച്ച് പിന്നീട് പാലക്കാട് പൊലീസിന് കൈമാറി.