"ഉയിര്‍" എന്ന സിനിമയ്ക്ക് ഇതിവൃത്തമായ കൊലപാതക കേസില്‍ തലശേരി അഡീഷണൽ ജില്ലാ കോടതി നാളെ വിധി പറയും. കണ്ണൂരില്‍ 2017 ല്‍ ശോഭയെന്ന നാടോടി യുവതിയെ രണ്ടാം ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ശോഭയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2026 ജൂണില്‍ പുറത്തിറങ്ങിയ "ഉയിര്‍" എന്ന ചിത്രം നാടോടി സ്ത്രീയായ ശോഭയുടെ ദുരൂഹ മരണവും ശോഭയുടെ രണ്ട് മക്കളുടെ തിരോധാനവും അടിസ്ഥാനമാക്കിയായിരുന്നു. രണ്ടാം ഭര്‍ത്താവായ ഭുവനേഷ് ശോഭയെ കൊലപ്പെടുത്തിയ ശേഷം ചെറിയ മക്കളെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും റോഷന്‍ മാത്യു അവതരിപ്പിച്ച പൊലീസ് കഥാപാത്രം പ്രതിയെ പിടികൂടുന്നതും കുട്ടികളെ മുംബൈയില്‍ ചെന്ന് കണ്ടെത്തുന്നതുമായിരുന്നു സിനിമാ കഥ..
ഇനി യഥാര്‍ഥ സംഭവത്തിലേക്ക്...– ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് ശോഭ എന്ന നാടോടി സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്നും ശേഷം കിണറ്റില്‍ കൊണ്ടിട്ടതെന്നും വ്യക്തമായി. രണ്ടാം ഭര്‍ത്താവായിരുന്ന കേസിലെ പ്രതി മഞ്ജുനാഥ് അന്നുതന്നെ ശോഭയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളുമായി സ്ഥലംവിട്ടു. മൈസൂരുവിലും ബംഗളൂരുവിലുമെത്തിയ ശേഷം അഞ്ച് വയസുള്ള ആണ്‍കുട്ടിയെയും അനിയത്തിയെയും കൂട്ടി മുംബൈയ്ക്ക് ട്രെയിന്‍ കയറി. യാത്രാമധ്യേ മഞ്ജുനാഥ് കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു..
"ട്രെയിനിലെ ശുചിമുറിയ്ക്ക് അരികില്‍ തന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാള്‍ പോയി എന്നും അനിയത്തി വിശന്നുകരഞ്ഞപ്പോള്‍ ഒരു ആന്‍റി ഭക്ഷണം തന്നുവെന്നും പിന്നീട് പൊലീസ് വന്ന് ഹോസ്റ്റലിലേക്ക് കൊണ്ടുപോയെന്നുമാണ് അന്നത്തെ അഞ്ചുവയസുകാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. കേസിലെ മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. അമ്മയെ കൊല്ലുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു.
മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിന്‍റെ മരണത്തിലെ ചുരുളഴിഞ്ഞത്. ശോഭയും താനും ചേര്‍ന്നാണ് രാജുവിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നും മൃതദേഹം വനത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നും മഞ്ജുനാഥ് മൊഴി നല്‍കി. രാജുവിനെ കൊന്നകാര്യം പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയായിരുന്നു ശോഭയെയും വകവരുത്തിയത്. കേസിലെ പ്രധാന വഴിത്തിരിവായ കുട്ടികളെ കണ്ടെത്തുന്നതിന് പിന്നിലെ മിടുക്ക് അന്നത്തെ അന്വേഷണ സംഘത്തിലെ പ്രൊബേഷൻ എസ്.ഐ.യായിരുന്ന അൻഷാദിന്‍റേതായിരുന്നു. മുംബൈയില്‍ ചെന്ന് അന്വേഷിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്.. ഇപ്പോള്‍ തൃശൂര്‍ ഈസ്റ്റ് സിഐ ആയ അന്‍ഷാദ് തന്നെയാണ് കുട്ടികളെ ഇപ്പോഴും സംരക്ഷിക്കുന്നത്.