അറസ്റ്റിലായ റീന കുമാരി Image Credit: X
ഛാത് പൂജ പ്രസാദം എടുത്ത് കഴിച്ചതിന് നാലുവയസുകാരിയെ അമ്മ തല്ലിക്കൊന്നു. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. റീനാകുമാരിയെന്ന യുവതിയാണ് മകളെ അടിച്ചു കൊന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സുഹാനി കുമാരിയാണ് മരിച്ചത്.
പൂജയ്ക്കായി പ്രസാദം തയാറാക്കി വച്ചിരുന്നത് സുഹാനി പോയി തൊട്ടുനോക്കുകയും അതില്‍ നിന്നെടുത്ത് കഴിക്കുകയും ചെയ്തു. ഇതില്‍ ദേഷ്യപ്പെട്ട റീന, പ്രസാദം അശുദ്ധമാക്കിയെന്നും ഇനി എങ്ങനെ അര്‍പ്പിക്കും എന്നും പറഞ്ഞ് മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് അവശനിലയില്‍ ആയ സുഹാനിയെ റീന തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ സുഹാനി ചികില്‍സയിലിരിക്കെ മരിച്ചു.
കുട്ടി മരിച്ച വിവരം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. റീന സുഹാനിയെ അടിച്ച വിവരവും അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തില്‍ റീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയത്ത് കുടുംബാംഗങ്ങളെല്ലാം പൂജയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു. മൂന്ന് മക്കളാണ് റീനയ്ക്കുള്ളത്. ശിവാനി (7) സുഹാനി (4), ഒന്നര വയസുകാരന്‍ രാജ. മകളുടെ മരണത്തിന് കാരണക്കാരിയായ തന്‍റെ ഭാര്യയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വെറുതേ വിടരുതെന്നും ഭര്‍ത്താവ് രാജു പസ്വാന്‍ ആവശ്യപ്പെട്ടു.