Image Credit:X

  • ശനിയാഴ്ച വൈകുന്നേരത്തോടെ ശബ്നത്തിന്‍റെ ഷിഫ്റ്റ് കഴിഞ്ഞിരുന്നു. ഈ സമയത്ത് ട്രയല്‍ റൂമിന്‍റെ ഭാഗത്തേക്ക് ഷോറൂമിലെ തന്നെ ജീവനക്കാരനായ സുഹൃത്ത് കൂട്ടിക്കൊണ്ടുപോയി. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും കഴിഞ്ഞ ചില മാസങ്ങളായി ശബ്നം ബന്ധത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്

വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയായ പതിനെട്ടുകാരിയെ ഷോറൂമിലെ ട്രയല്‍റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം ശബ്നം എന്ന യുവതിയാണ് മരിച്ചത്. നോയിഡയിലെ മോട്ടി നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈല്‍സിലാണ് യുവതി ജോലി ചെയ്തിരുന്നത്. കൊലപാതകത്തില്‍ സുഹൃത്തിനെ പൊലീസ് തിരയുകയാണ്. പ്രണയബന്ധം അവസാനിപ്പിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകുന്നേരത്തോടെ ശബ്നത്തിന്‍റെ ഷിഫ്റ്റ് കഴിഞ്ഞിരുന്നു. ഈ സമയത്ത് ട്രയല്‍ റൂമിന്‍റെ ഭാഗത്തേക്ക് ഷോറൂമിലെ തന്നെ ജീവനക്കാരനായ സുഹൃത്ത് കൂട്ടിക്കൊണ്ടുപോയി. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും കഴിഞ്ഞ ചില മാസങ്ങളായി ശബ്നം ബന്ധത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ ട്രയല്‍റൂമിനടുത്ത് വച്ച് വാക്കേറ്റമുണ്ടായെന്നും കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി, ശബ്നത്തിന്‍റ കഴുത്തറുത്തുവെന്നും പൊലീസ് പറയുന്നു.  രാത്രി ഒന്‍പതോടെ ഷോറൂം അടയ്ക്കാന്‍ മറ്റ്ജീവനക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് ട്രയല്‍റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ശബ്നത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കഴുത്തില്‍ ആഴമേറിയ മുറിവ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. 

ഷോറൂമിലെ സിസിടിവി ഫുട്ടേജ് പൊലീസ് പരിശോധിച്ചതോടെയാണ് കൊലയാളിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി രക്ഷപെട്ട മാര്‍ഗവും പൊലീസ് പരിശോധിക്കുകയാണ്.

ഒളിവിലുള്ള പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൃത്യത്തിനുപയോഗിച്ച ആയുധവും പൊലീസ് തിരയുന്നുണ്ട്.  വെസ്റ്റ് ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമായിരുന്നു ശബ്നത്തിന്‍റെ താമസം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ വൈകാതെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

An 18-year-old textile store employee named Shabnam was found murdered inside a trial room at a clothing showroom near Moti Nagar Metro Station in Noida. Her throat had been slit with a sharp weapon, and she was rushed to a hospital but could not be saved. Police suspect that a former friend and fellow employee committed the crime following a dispute over their relationship, allegedly after Shabnam lost interest in him. CCTV footage has helped investigators identify the suspect, who is currently absconding, and a search is underway to arrest him and recover the murder weapon.