മധുരയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ. കവര്‍ച്ച നടന്ന് അഞ്ചാംദിവസമാണ് പ്രതി പിടിയിലായത്. സേലത്തേക്ക് പോയ ബസിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മാസ്കും തൊപ്പിയും ധരിച്ച പ്രതിയെ കണ്ട് സംശയം തോന്നിയ ബസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ധര്‍മപുരി ചേമ്പട്ടിയില്‍വച്ച് പ്രതിയെ ബസില്‍നിന്ന് പിടികൂടുകയായിരുന്നു.

നിലവില്‍ അദിയമാൻകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഉടന്‍ മധുരയിലേക്ക് കൊണ്ടുവരും. ഇതിന് ശേഷം വിശദമായി ചോദ്യംചെയ്യും. ഓട്ടോ ടാക്സി ഡ്രൈവറും യൂട്യൂബറുമായ പ്രതി സുഹൃത്ത് മീനാക്ഷിയുടെ വീട് പണിക്കായാണ് കവര്‍ച്ച നടത്തിയത്. നേരത്തെ തന്നെ പ്രതിയുടെ പിതാവ് സുരേഷിനെയും സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മീനാക്ഷിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഇന്നലെ പ്രതിയുടെ മാതാവിനെയും പൊലീസ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.

ഇതുവരെ 10 കിലോയിലധികം സ്വര്‍ണം പൊലീസ്  കണ്ടെടുത്തിട്ടുണ്ട്. നിഷാന്തിനെ ചോദ്യം ചെയ്യുന്നതിലൂടെ ബാക്കിയുള്ള ആഭരണങ്ങളും കണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിവരം. 5 കിലോ സ്വര്‍ണം മീനാക്ഷിയുടെ പക്കല്‍നിന്നും ബാക്കി മാടക്കുളം മലയടിവാരത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. അറസ്റ്റിലായ മറ്റ് പ്രതികളാണ് പൊലീസിന് സ്വര്‍ണം കുഴിച്ചിട്ട പ്രദേശം കാണിച്ച് കൊടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നെഹ്‌റു നഗറിലെ പ്രമുഖ ബ്രാന്‍ഡിന്റെ ജ്വല്ലറിയില്‍ കവര്‍ച്ച നടക്കുന്നത്. 35 കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ENGLISH SUMMARY:

Police have arrested Nishanth, the prime accused in the multi-crore Madurai jewellery robbery case, from a Salem-bound bus in Dharmapuri five days after the heist. The suspect, an auto-taxi driver and YouTuber who allegedly stole 35 kg of gold to fund the house construction of his friend and social media influencer Meenakshi, was nabbed after a vigilant bus driver alerted authorities about his suspicious attire.