bihar-murder

TOPICS COVERED

ബിഹാറിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ജമാല്‍പൂരിലെ റിട്ട‌യേര്‍ഡ് റെയില്‍വെ ജീവനക്കാരന്‍ ദശരഥ് മണ്ഡലാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. അമ്മയെ കൊന്നത് കണ്ട് നിലവിളിച്ച മകളോട് ബഹളം വയ്ക്കാതെ ഇരുന്നാല്‍ പുതിയ അമ്മയെ കൊണ്ടുവരാമെന്ന് പറയുകയും ചെയ്തു. 

ഭാര്യ പൂജാ ദേവിയാണ് കൊല്ലപ്പെട്ടത്. ദശരഥിനും പൂജ ദേവിക്കും രണ്ട് പെണ്‍മക്കളാണുള്ളത്. പത്ത് വയസുകാരിയായ മൂത്ത മകളാണ് കുറ്റകൃത്യത്തിന്‍റെ ദൃക്സാക്ഷി. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ദശരഥ് രണ്ട് മക്കളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

പൂജ ദേവിയും ദശരഥും തമ്മില്‍ സ്ഥിരമായി വഴക്കിടുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദശരഥിന് ധാരാളം കടബാധ്യതകളും മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പൂജ ദേവി മരിച്ച ദിവസവും ഇരുവരും തമ്മില്‍ കലഹമുണ്ടായി. പ്രകോപിതനായ പ്രതി ഉറങ്ങി കിടന്ന മക്കളെ കെട്ടിയിട്ട ശേഷം കത്തി ഉപയോഗിച്ച് രണ്ട് തവണ കുത്തി. സംഭവസ്ഥലത്തുവച്ചുതന്നെ പൂജ ദേവി മരിച്ചു. 

അനിയത്തിയോടൊപ്പം ഉറങ്ങിക്കിടന്ന പത്ത് വയസുകാരി അമ്മയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോഴാണ് ക്രൂരകൃത്യം കണ്ടത്. അയല്‍ക്കാരെ വിളിക്കാമെന്ന് പറഞ്ഞ് മകള്‍ കരഞ്ഞപ്പോള്‍ ഈ അമ്മ  മരിച്ചെന്നും കരയാതിരുന്നാല്‍ പുതിയ അമ്മയെ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് തന്‍റെ അമ്മയെ മാത്രം മതിയെന്നും അമ്മയെ കൊന്ന പിതാവിന് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ദശരഥ് മണ്ഡലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A retired railway employee in Jamalpur, Bihar, brutally stabbed his wife to death after tying up their two young daughters during a heated domestic dispute. The accused, Dashrath Mandal, allegedly tried to silence his horrified 10-year-old daughter—who witnessed the crime—by promising to bring her a new mother if she stayed quiet. Hours after the murder of Pooja Devi, Mandal walked into a local police station with both children and confessed to the crime driven by severe debt and personal issues. Defying her father's manipulation, the brave 10-year-old girl told the police that she only wanted her own mother and demanded strict punishment for him.