father-killed

ഇതര സമുദായത്തിൽപ്പെട്ട യുവാവുമായുള്ള പ്രണയത്തെച്ചൊല്ലി 21-കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 50-കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 9-ന് പുലര്‍ച്ചെ ഖംഭാട്ടിലാണ് ക്രൂര കൊലപാതകം നടന്നത്. കൗശൽ പട്ടേൽ എന്നയാളാണ് തന്റെ മകൾ സാനിയ പട്ടേലിനെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വൈദ്യപരിശോധനയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണവുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഒരേ ഗ്രാമത്തിലുള്ള മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായി സാനിയ പ്രണയത്തിലായിരുന്നുവെന്നും ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏകദേശം ഒരു വർഷമായി ഈ ബന്ധത്തെക്കുറിച്ച് പിതാവിന് അറിയാമായിരുന്നു. എന്നാൽ ഇരുവരും വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ പിതാവ് ഇതിനെ ശക്തമായി എതിർത്തു.

ഈ പ്രണയബന്ധത്തെച്ചൊല്ലി അച്ഛനും മകളും തമ്മിൽ മാസങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ കൗശൽ പലതവണ മകളെ നിർബന്ധിച്ചെങ്കിലും സാനിയ യുവാവുമായി ഫോണിലൂടെ ബന്ധം തുടർന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നവംബർ 8-ന് രാത്രി വീട്ടുകാരെല്ലാം ഒന്നിച്ചിരുന്ന ശേഷം അവരവരുടെ മുറികളിലേക്ക് ഉറങ്ങാൻ പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പുലർച്ചെ 3.15-ഓടെ അടുക്കളയിൽ വെച്ച് കൗശൽ പ്രണയബന്ധത്തെച്ചൊല്ലി സാനിയയുമായി വാക്കുതർക്കത്തിലേർപ്പെട്ടു.

തർക്കത്തിനിടെ ‘ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തുചെയ്യും?’ എന്ന് പിതാവ് ചോദിച്ചപ്പോൾ സാനിയ അതൊരു തമാശയായിട്ടാണ് കരുതിയത്. എന്നാൽ, തൊട്ടുപിന്നാലെ ഇയാൾ സാനിയയുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സാനിയ വൈകാതെ മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് ശേഷം, മരണം ആത്മഹത്യയോ അസ്വാഭാവിക മരണമോ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചു. തുടർന്ന് നവംബർ 9-ന് രാവിലെ 8 മണിയോടെ വീട്ടുകാർ സാനിയയുടെ മൃതദേഹം ഖംഭാട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, പെൺകുട്ടിയുടെ കഴുത്തിലെ പാടുകൾ കണ്ട ഡോക്ടർമാർക്ക് സംശയം തോന്നുകയും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, കഴുത്തിൽ ബലമായി മുറുക്കിയതിനെത്തുടർന്നാണ് സാനിയ മരിച്ചതെന്ന് വ്യക്തമായി. പൊലീസ്  കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ മരണത്തിലെ ദുരൂഹതകൾ പുറത്തുവന്നു. അന്വേഷണത്തിൽ പിതാവിന്റെ പങ്ക് വ്യക്തമായതായും കൗശൽ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 21-year-old woman in Gujarat who was strangled to death by her father over her interfaith relationship. The accused father has been arrested by the police following a thorough post-mortem investigation.