പിതാവിന്റെ കൊലയാളിയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് രാജസ്ഥാനിലെ ജയ്പൂരില്‍ പിടിയില്‍. 7വര്‍ഷം കാത്തിരുന്ന ശേഷമാണ് യുവാവ് കൊലപാതകം നടത്തിയത്. പിതാവിന്റെ മരണത്തിന് പ്രതികാരമായതാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള വിജയ് ബാജിയ 2019-ൽ ഒരു മദ്യശാലയിൽ വെച്ച് കൈലാഷ് എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വിജയ് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. എന്നാൽ ജയിൽ മോചിതനായതിന് ശേഷം കൈലാഷിന്റെ മകൻ ഹനീഷ് വിജയ്യെ പലതവണ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ബുധനാഴ്ച ഹനീഷും കൂട്ടാളികളായ യുവരാജ് ചൗധരി, ദിനേശ്, കമലേഷ് എന്നിവരും ചേർന്ന് വിജയ്യെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ ഹനീഷും സംഘവും ഒരു 'ക്യാമ്പർ' വാനിൽ വിജയ്യെ പിന്തുടരുന്നുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാത്രി 7:15-ഓടെ വിജയ് കൽവാറിലെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ സഞ്ചരിച്ചിരുന്ന വാൻ വിജയ്യുടെ കാറിലേക്ക് ഇടിച്ചുകയറ്റി. കാർ നിന്നതോടെ വിജയ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ കോടാലിയുമായി പിന്തുടർന്ന ഹനീഷ് വിജയ്യെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ആഘാതത്തിൽ കോടാലി വിജയ്യുടെ തലയോട്ടിയിൽ തറച്ചുകയറി. കൃത്യത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാത്രി 8:00 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രശാന്ത് കിരൺ അറിയിച്ചു.
സ്ഥലത്തെത്തിയ ലോക്കൽ പൊലീസ് ദൃക്സാക്ഷികൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ അക്രമികൾ ഉപയോഗിച്ച 'ക്യാമ്പർ' വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെ 4:00 മണിയോടെ പ്രതികളുടെ ഒളിത്താവളത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.