ഷംനാദ്

  • വി.ഡി.സതീശന്‍ എന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയാള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിടിയിലായിരുന്നു. തിരുവനന്തപുരം വെമ്പായം സ്വദേശി എസ്. ഷംനാദിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് പിടിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശന് സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

വി.ഡി.സതീശന്‍ എന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയാള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിടിയിലായിരുന്നു.  തിരുവനന്തപുരം വെമ്പായം സ്വദേശി എസ്. ഷംനാദിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് പിടിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശന് സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. സതീശന്‍ ആ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെയായതോടെ ബി.എസ്.എന്‍.എല്‍ ആ നമ്പര്‍ മറ്റൊരു സിമ്മിന് നല്‍കിയിരുന്നു. അപേക്ഷ നല്‍കി ആ നമ്പര്‍ ഷംനാദ് കൈക്കലാക്കി. ഇതോടെ ആ നമ്പരില്‍ നിന്ന് വിളിക്കുമ്പോള്‍ വി.ഡി.സതീശന്‍ എന്ന പേരായിരുന്നു ട്രൂ കോളറില്‍ കാണിക്കുന്നത്. ഇത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.  Also Read: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ചോദ്യം ചെയ്തപ്പോള്‍ അടിച്ചു വീഴ്ത്തി

​

വി.ഡി.സതീശന്‍ എന്ന നമ്പര്‍ കൈക്കലാക്കിയ ശേഷം സെക്രട്ടേറിയറ്റിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരെ വരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്നൊക്കെ പറഞ്ഞ് വിളിച്ചിട്ടുണ്ട്. 

​

ഏറ്റവും ഒടുവില്‍ മധ്യകേരളത്തിലെ ഒരു ഡിവൈ.എസ്.പിക്കാണ് വിളിയെത്തിയത്. രാത്രി കിടക്കാന്‍ നേരമാണ് ഡിവൈ.എസ്.പിയുടെ നമ്പറിലേക്ക് വിളിവരുന്നത്. വി.ഡി. സതീശന്‍ കോളിങ് എന്ന് ട്രൂകോളറില്‍ കണ്ട ഡിവൈ.എസ്.പി ഞെട്ടി. ബഹുമാനത്തോടെ ഫോണ്‍ എടുത്ത ഡിവൈ.എസ്.പിയെ കാത്തിരുന്നത് ചീത്ത വിളിയായിരുന്നു. ആ പ്രദേശത്തെ പൊലീസിന്‍റെ പ്രവര്‍ത്തനം ശരിയാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു 'മുഖ്യമന്ത്രിയുടെ' ചീത്തവിളി. പിന്നീട് ഇതില്‍ അസ്വാഭാവികത തോന്നിയ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചതോടെയാണ് വ്യാജന്‍ വിലസുന്ന കാര്യം തിരിച്ചറിയുന്നത്. 

ഷംനാദ് ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തുന്നത് ആദ്യമല്ല. പത്തനംതിട്ട മജിസ്ട്രേറ്റ് എന്ന പേരില്‍ കാസര്‍കോട്ടെ പൊലീസിനെ മുഴുവന്‍ വട്ടം ചുറ്റിച്ചിട്ടുണ്ട്. 2024 ജനുവരിയിലായിരുന്നു ആ തട്ടിപ്പ്. രാത്രി നീലേശ്വരം പൊലീസിന് ഒരു ഫോണ്‍ വന്നു. പത്തനംതിട്ട മജിസ്ട്രേറ്റിന്‍റെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളി. പത്തനംതിട്ട മജിസ്ട്രേറ്റിന്‍റെ വാഹനം തകരാറിലായി റോഡില്‍ കിടക്കുന്നുണ്ടെന്നും സുരക്ഷാ ഭീഷണി നേരിടുന്ന മജിസ്ട്രേറ്റായതിനാല്‍ എത്രയും വേഗം സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്നായിരുന്നു ആവശ്യം. കേട്ടപാടെ പൊലീസ് പാഞ്ഞ് മജിസ്ട്രേറ്റിന് സമീപമെത്തി. മജിസ്ട്രേറ്റിനെ പൊലീസ് വാഹനത്തില്‍ ഹോട്ടലിലെത്തിച്ചു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഹോട്ടലില്‍ പ്രത്യേക കാവലും ഏര്‍പ്പെടുത്തി. ഒടുവില്‍ മജിസ്ട്രേറ്റ് തന്നെ കണ്ണൂരില്‍ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു. അതിനുള്ള എസ്കോര്‍ട്ടും സംവിധാനവുമൊക്കെ ഒരുക്കുന്നതിനിടെയാണ് ഈ മജിസ്ട്രേറ്റ് വ്യാജനാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. 

​

ഇതുപോലെ മജിസ്ട്രേറ്റാകുന്നതിന് മുന്‍പ് ഷംനാദ് തിരുവനന്തപുരത്ത് എസ്.ഐയായിരുന്നു. പാങ്ങോട് എസ്.ഐ എന്ന പേരില്‍ കാക്കി യൂണിഫോമൊക്കെയായി റോഡില്‍ നിന്ന് വാഹന പരിശോധന നടത്തി പണം പിരിച്ചിട്ടുണ്ട്. അതും പിടിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസറായിട്ടായിരുന്നു വിലസിയത്. തിരുവനന്തപുരത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് വീട് നിര്‍മാണത്തിന് പണം അനുവദിച്ചവരുടെ പട്ടിക കൈക്കലാക്കിയിട്ട് വില്ലേജ് ഓഫീസറെന്ന പേരില്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കും. അനുവദിച്ച തുക വേഗത്തില്‍ ലഭിക്കാന്‍ സഹായിക്കാമെന്ന പേരില്‍ കൈക്കൂലി വാങ്ങിക്കാനായിരുന്നു വില്ലേജ് ഓഫീസറുടെ വേഷം. 

​

ഇങ്ങിനെ ഓരോ തട്ടിപ്പിലും പിടിക്കപ്പെട്ടിട്ടുമുണ്ട്. 9 കേസുകളാണ് തിരുവനന്തപുരത്ത് മാത്രം ഷംനാദിനെതിരെയുള്ളത്. ഇതിനെല്ലാം ശേഷമാണ് സാക്ഷാല്‍ മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചത്.

ENGLISH SUMMARY:

Shamnad, a resident of Vembayam in Thiruvananthapuram, was arrested by Cantonment Police for allegedly impersonating senior political and government officials using a mobile number previously assigned to VD Satheesan. By exploiting the number's Truecaller identity, he reportedly contacted senior police and Secretariat officials, even posing as the Chief Minister's Private Secretary and intimidating a DySP over the phone. His history of impersonation includes posing as a Pathanamthitta magistrate, a Special Branch DySP, a police Sub-Inspector and a village officer to allegedly deceive police personnel, collect money from motorists and demand bribes from housing scheme beneficiaries. With nine cases reportedly registered against him in Thiruvananthapuram alone, the latest arrest has brought his alleged series of impersonation scams into the spotlight.