death-kovalam

TOPICS COVERED

ഒന്നാം വിവാഹവാർഷികത്തിന് തൊട്ടുമുന്‍പ് സ്വയം ജീവനൊടുക്കി യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 26കാരനായ പ്രവൽ ഗുപ്തയാണ് മരണപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് പ്രവൽ ചിത്രീകരിച്ച എട്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

തന്റെ മരണത്തിന് ഉത്തരവാദി ഭാര്യ സ്നേഹ ഗുപ്തയും സ്നേഹയുടെ കുടുംബാംഗങ്ങളുമാണെന്ന് പ്രവൽ വിഡിയോയിൽ പറയുന്നു. പ്രവലിന്റെ സ്വത്ത് മുഴുവൻ ഭാര്യയുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മാനസിക പീഡനം ഏൽപ്പിച്ചുവെന്നും വ്യാജ കേസുകളിൽപെടുത്തി ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവൽ പറഞ്ഞു. മനപൂർവം കരിഞ്ഞ റൊട്ടികൾ നൽകി താന്‍ ഭക്ഷണം കഴിക്കുന്നത് ഭാര്യ നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്യുമ്പോൾ വഴക്കുണ്ടാക്കുകയും ചെയ്തെന്നും വിഡിയോയില്‍ പറയുന്നു. 

കങ്കർഖേഡയിലെ ബിജെപി നേതാവ് രാജീവ് ഗുപ്തയുടെ മകനാണ് പ്രവൽ. നാല് വർഷത്തെ പ്രണയത്തിന് ശേഷം 2025 നവംബർ രണ്ടിനാണ് പ്രവലും സ്നേഹ ഗുപ്തയുമായുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് മാസം പ്രായമുള്ള ഒരു മകളുമുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ ദമ്പതികൾ തമ്മിൽ കുടുംബവഴക്കുകളും പ്രശ്നങ്ങളും ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്നെ മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്താൻ സ്നേഹ നിരന്തരം ശ്രമിച്ചതായി പ്രവൽ പറയുന്നുണ്ട്.

മകന്റെ മരണത്തിന് പിന്നാലെ പ്രവലിന്റെ പിതാവ് രാജീവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ സ്നേഹ ഗുപ്ത, സ്നേഹയുടെ പിതാവ്, സഹോദരൻ എന്നിവര്‍ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സ്നേഹയും കുടുംബവും ഒളിവിൽ പോയതായും, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A 26-year-old corporate employee, Praval Gupta, died by suicide in Ghaziabad just days before his first wedding anniversary. Prior to taking the extreme step, Praval recorded an eight-minute video alleging severe mental harassment and extortion by his wife, Sneha Gupta, and her family. He claimed they pressured him to transfer all his property to her name, threatened him with false police cases, and intentionally denied him proper food by serving burnt rotis. Following a complaint filed by his father, local BJP leader Rajeev Gupta, the police registered a case against six individuals, including Sneha and her relatives, who are currently absconding